ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ കൊയ്ത്തും നെല്ല് സംഭരണവും പുരോഗമിക്കവെ നെല്ലിന്റെ വിലയെത്രയെന്നോ,​ എന്നുകിട്ടുമെന്നോ നിശ്ചയമില്ലാതെ

കർഷകർ. നെല്ലിന്റെ താങ്ങുവിലയോ സംഭരണനയമോ വ്യക്തമാക്കാത്ത സർക്കാർ നിലപാട് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. സംഭരണ നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടിൽ യഥാസമയം ലഭിച്ചാൽ പുഞ്ച കൃഷിക്ക് പാടമൊരുക്കാനും നടീലിനും വളപ്രയോഗത്തിനും കടം വാങ്ങുന്നത് ഒഴിവാക്കാമെന്ന് കർഷകർ പറയുന്നത്.

അതേസമയം,​ ഏറ്രവും ഒടുവിൽ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില വർദ്ധനയായ 1.43രൂപ പ്രാബല്യത്തിൽ വരുത്തുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

വിലയുംവിളവും കുറഞ്ഞതിലൂടെ കൃഷി നഷ്ടത്തിലായിരിക്കെ,​ നെല്ലിന്റെ താങ്ങുവിലയും കൈകാര്യചെലവും ഉൾപ്പടെ പ്രഖ്യാപിക്കാതെ കർഷകരെ കഷ്ടത്തിലാക്കുകയാണ് സർക്കാർ. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ താത്പര്യമെടുക്കാതായതോടെ 2018-ൽ 15,000 ഹെക്ടറായിരുന്ന നെൽകൃഷി ഈ സീസണിൽ 8,850ലേക്ക് ചുരുങ്ങി.

ആദ്യഘട്ട വിളവെടുപ്പ് പ്രകാരം മുൻ സീസണിലേക്കാൾ ഹെക്ടറിന് ശരാശരി 300 കിലോയോളം നെല്ലിന്റെ കുറവുണ്ടായിട്ടുണ്ട്. വിലയിലും വിളവിലുമുളള ഇടിവ് കൂടാതെ സംഭരണ വിലയിൽ തുടരുന്ന അനിശ്ചിതത്വം പുഞ്ചകൃഷിയിറക്കുന്നതിൽ നിന്ന് കർഷകരെ പിന്നോട്ടടിക്കും.

പുഞ്ചകൃഷിയെ ബാധിക്കും

1.നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം കാരണം വിളവെടുപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ കുറച്ച് മില്ലുകൾ മാത്രമാണ് മുന്നോട്ട് വന്നത്. കാലാവസ്ഥാ വ്യതിയാനം, ദുർബലമായ ബണ്ടുകൾ, തവിട്ടുനിറത്തിലുള്ള ചെടികളുടെ ആക്രമണം തുടങ്ങിയ വെല്ലുവിളികളും കർഷകരെ ബാധിച്ചിട്ടുണ്ട്

2. 2023 ജൂണിൽ 20.40 രൂപയായിരുന്ന താങ്ങുവില കേന്ദ്രം 21.83 രൂപയാക്കിയെങ്കിലും ആനുകൂല്യം കർഷകരിൽ എത്തിയില്ല. സംസ്ഥാനസർക്കാർ പ്രോത്സാഹനത്തുക ആനുപാതികമായി കുറച്ചതോടെ വില കിലോയ്ക്ക് 28.20 രൂപയായി തുടരുകയായിരുന്നു

3. മുമ്പ് നൽകിയിരുന്ന പ്രോത്സാഹനവിഹിതമായ 7.80 രൂപ 6.37യായി കുറയ്ക്കുകയാണ് സംസ്ഥാനം ചെയ്തത്. യഥാർത്ഥത്തിൽ പ്രോത്സാഹനവിഹിതവും ചേർത്ത് നെൽവില കിലോയ്ക്ക് 29.37 രൂപയായി ഉയരേണ്ടതാണ്. എന്നാൽ, ഇപ്പോഴത്തെ സംഭരണവിലയായ 28.20 രൂപ കൂടുതലെന്നാണ് സംസ്ഥാനസർക്കാർ നിലപാട്


4. കേന്ദ്രസർക്കാർ 2021 -22ൽ 72 പൈസയും 22- 23 ൽ ഒരു രൂപയും 23 -24 ൽ ഒരു രൂപ 43 പൈസയും എം.എസ്. പിയിൽ വർദ്ധിപ്പിച്ചെങ്കിലും ഇപ്പോഴും അതിന്റെ ആനുകൂല്യം സംസ്ഥാന സർക്കാർ കർഷകർക്ക് നൽകിയില്ല. കേന്ദ്ര വർദ്ധനയ്ക്ക് ആനുപാതികമായി സംസ്ഥാന വിഹിതം കുറച്ചതാണ് ക‌ർഷകർക്ക് ഇരുട്ടടിയായത്

രണ്ടാംകൃഷി സംഭരണം (ക്വിന്റലിൽ)​

അമ്പലപ്പുഴ താലൂക്ക്: 1972.77

കാർത്തികപ്പള്ളി: 109

കുട്ടനാട്: 5110

..................................................

രണ്ടാം കൃഷിയുടെ നെല്ല് സംഭരണം പകുതി പിന്നിട്ടിട്ടും വിലയോ, എന്നുമുതൽ വിതരണം ആരംഭിക്കുമെന്നോ പ്രഖ്യാപിക്കാൻ കൂട്ടാക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. അടിയന്തരമായി വില പ്രഖ്യാപനത്തിനും വിതരണത്തിനും സർക്കാർ തയ്യാറാകണം

-സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി