s

ആലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്രിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് പകരം സംവിധാനമൊരുക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുകളയുകയും തണൽ മരങ്ങൾ വെട്ടിമാറ്റുകയും ചെയ്തതോടെ പൊരിവെയിലത്തും കനത്തമഴയത്തും കയറിനിൽക്കാൻ പോലും ദേശീയപാതയിൽ ഇടമില്ലാതായി. ദിവസേന ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ പൊടിശല്യവും രൂക്ഷമാണ്. സ്ത്രീകളും കുഞ്ഞുങ്ങളും വിദ്യാർത്ഥികളുമാണ് ഇരകളിൽ അധികവും. ദേശീയപാതയിലെ സ്ഥിരയാത്രക്കാരിൽ അധികവും

ശ്വാസകോശരോഗ ഭീതിയിലുമാണ്. തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി അറുപതോളം വഴിയോര കാത്തിരിപ്പുകേന്ദ്രങ്ങളാണ് പൊളിച്ചുനീക്കിയത്.

കെ.എസ്.ആർ.ടി.സി,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ടീയപാർട്ടികൾ തുടങ്ങി വായനശാലകൾ പണികഴിപ്പിച്ച കേന്ദ്രങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.

കാത്തിരിപ്പുകേന്ദ്രങ്ങൾ ഇല്ലാതായി

1.ബസ് കാത്തുനിൽക്കുന്നവർ വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണ്. കുട്ടികളുമായി മാതാപിതാക്കൾ പൊരിവെയിലത്ത് നിൽക്കുന്നത് സ്ഥിരം കാഴ്ച. തണൽ മരങ്ങൾ വെട്ടിമാറ്റിയതോടെ മഴ പെയ്താൽ ഒന്നുകയറി നിൽക്കാൻ പോലും ഇടമില്ലാതായി

2.പല ബസ് സ്റ്റോപ്പുകളുടെയും അടയാളം കാത്തിരിപ്പുകേന്ദ്രങ്ങളായിരുന്നു.

ഇവ പൊളിച്ചു മാറ്റിയതോടെ സ്ഥലം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി.

പലകടകളുടെ പൊളിച്ചുമാറ്റിയതോടെ വിലകൊടുത്താലും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്

3.ദേശീയപാതയിലെ ഇരുവശത്തെയും പ്രധാന സ്റ്റോപ്പുകളിലെങ്കിലും ടോയ്‌ലറ്റ് സംവിധാനത്തോടുകൂടിയ താത്കാലിക കാത്തിരിപ്പുകേന്ദ്രങ്ങൾ സജ്ജമാക്കാൻ തദ്ദേശ സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും മുൻകൈയെടുക്കണം

പൊളിച്ചുനീക്കിയ

കാത്തിരിപ്പുകേന്ദ്രങ്ങൾ : 60

ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ശുചിത്വമിഷന്റെ സഹായത്തോടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണം

- കുഞ്ഞുമോൻ, യാത്രക്കാരൻ,​ തോട്ടപ്പള്ളി