ആലപ്പുഴ: നാവികസേനയുടെ ഡീ കമ്മീഷൻ ചെയ്ത പടക്കപ്പൽ 'ഇൻഫാക്ട് ‌ഡി 81' ആലപ്പുഴ ബീച്ചിലെത്തിയിട്ട് മൂന്ന് വർഷമാകുന്നു. വിപുലമായ ഉദ്ഘാടനവും അതിലും വിപുലമായ വാഗ്ദാനവുമായിരുന്നു അന്ന് അധികൃതർ ഒരുക്കിയത്. പടക്കപ്പലിനുള്ളിൽ പ്രവേശിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുമെന്ന പ്രഖ്യാപനം കേട്ട് ആവേശംകൊണ്ട നാട്ടുകാർക്ക് അകത്ത് പോയിട്ട് അടുത്ത് പോകാൻ പോലും ഇതുവരെയായിട്ടില്ല. രണ്ട് തവണ തീയതി നിശ്ചയിച്ചിട്ടും ഉദ്ഘാടനം പോലും നടത്താനായിട്ടില്ല. ഉദ്ഘാടനം നടന്നാൽ പോലും കപ്പലിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ അവസരമുണ്ടാകില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

കപ്പലിനുള്ളിൽ കാണാൻ ഒന്നുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തി കപ്പലിൽ പ്രവേശിക്കാൻ റാംപ് സജ്ജമാക്കുമെന്നായിരുന്നു

പഴയ പ്രഖ്യാപനം. എന്നായാലും,​ പെയിന്റിംഗ്, വൈദ്യുതീകരണം തുടങ്ങിയവ പടക്കപ്പലിൽ അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

എന്തൊരു വരവായിരുന്നു!

പടക്കപ്പിന് ചുറ്റും സെൽഫിയെടുക്കാൻ ആദ്യനാളുകളിൽ വൻ തിരക്കായിരുന്നു. എന്നാൽ,​ ഇന്ന് പലരും അരികിലേക്ക് പോലും പോകാറില്ല. മുംബെയിൽ നിന്ന് യാത്ര തുടങ്ങിയ പടക്കപ്പൽ കൊച്ചിയിൽ നിന്ന് കായൽമാർഗമാണ് തണ്ണീർമുക്കത്തെത്തിച്ചത്. അവിടെ നിന്ന് 96 ചക്രമുള്ള പുള്ളറിൽ ആലപ്പുഴ ബീച്ചിലേക്ക്. കൂറ്റൻ കെയിനിന്റെ സഹായത്തോടെയാണ് 60 ടൺ ഭാരമുള്ള പടക്കപ്പൽ 2021 ഒക്ടോബർ 22ന് ബൈപ്പാസിൽ നിന്ന് തീരത്തേക്ക് ഇറക്കിയത്.

വാദ്യമേളങ്ങളുടെ അകമ്പടിയിൽ, പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു കപ്പലിനെ നഗരം വരവേറ്റത്. ഇപ്പോൾ ഇരുട്ടത്ത് നോക്കുകുത്തിയായി കിടപ്പാണ് പടക്കപ്പൽ.

തീരമണഞ്ഞിട്ട് മൂന്ന് വർഷം

1.മന്ത്രിമാരുടെ സൗകര്യത്തിനനുസരിച്ച് രണ്ട് തവണ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടും, പല കാരണങ്ങളാൽ മാറ്റിവയ്ക്കേണ്ടിവന്നു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒരേ ദിവസം വിപുലമായി നടത്താനാണ് ആലോചിക്കുന്നത്

2. ന്യൂ മോഡൽ കയർ സൊസൈറ്റിയിൽ സജ്ജമാക്കിയ ഹെറിറ്റേജ് മ്യൂസിയം, ലേബർ മ്യൂസിയം, പൈതൃക പദ്ധതിയിൽ നവീകരിച്ച ലിയോ തേർട്ടീന്ത് സ്കൂൽ, മഖാം മസ്ജിദ്, സൗന്ദര്യവത്ക്കരിച്ച കനാലുകൾ, പടക്കപ്പൽ എന്നിവയുടെ ഉദ്ഘാടനം ഒരുമിച്ചുണ്ടാകും

വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒരുമിച്ച് നടത്താനാണ് തീരുമാനം. മന്ത്രിമാരുടെ സമയം ലഭ്യമാകുന്ന മുറയ്ക്ക് പടക്കപ്പലിന്റെയടക്കം ഉദ്ഘാടനം നടത്തും

- ഡോ.കെ.മനോജ് കുമാർ, മാനേജിംഗ് ഡയറക്ടർ,​ മുസിരിസ് പൈതൃക പദ്ധതി