
മാന്നാർ: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ നിരവധി കുട്ടികളാണ് വിവിധ ദേവാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എത്തി. ചിരിച്ചും കണ്ണീർ വാർത്തും ഇണങ്ങിയും പിണങ്ങിയും ആയിരുന്നു ഓരോ കുരുന്നുകളും അക്ഷര മധുരം ഏറ്റുവാങ്ങിയത്. കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടന്നുവന്ന നവാഹയജ്ഞവും സംഗീതോത്സവവും വിജയദശമി ദിനത്തിൽ സമാപിച്ചു. ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കുട്ടികൾ ആദ്യക്ഷരം കുറിച്ചു. രാവിലെ 7 മുതൽ നടന്ന സംഗീതാർച്ചനയിൽ നിരവധി കലാകാരൻമാർ പങ്കെടുത്തു.
കുട്ടംപേരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി ഋതേഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിൽ പരുമല പമ്പാകോളേജ് മുൻ പ്രിൻസിപ്പലും കുട്ടംപേരൂർ സർവീസ് സഹ.ബാങ്ക് പ്രസിഡന്റുമായ ഡോ.കെ.മോഹനൻപിള്ള, എസ്.കെ.വി ഹൈസ്‌കൂൾ അദ്ധ്യാപകൻ ശങ്കരൻ നമ്പൂതിരി എന്നിവർ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. ശ്രീശുഭാനന്ദഗുരുദേവന്റെ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ ആചാര്യൻ മണിക്കുട്ടൻ കുട്ടികളെ ആദ്യക്ഷരം എഴുതിപ്പിച്ചു.
മാന്നാർ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കൽ, മഹാസാരസ്വതഹോമം, കലശം, അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടന്നു. മുൻഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ കെ.വേണുഗോപാൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു നൽകി. മാവേലിക്കര കുന്നം തുണ്ടത്തിൽ സനൽ-റാണി ദമ്പതികളുടെ ഇരട്ട മക്കളായ അവനിക ജ്യോതിയും അഭിനവ് ജ്യോതിയും കുരട്ടിശ്ശേരിയിലമ്മ ഭഗവതി നടയിൽ ആദ്യക്ഷരം കുറിച്ചത് ശ്രദ്ധേയമായി. ചെന്നിത്തല കാരാഴ്മ മഴപ്പഴഞ്ഞിയിൽ സരസ്വതി ക്ഷേത്രത്തിൽ കദളീവനം മധുസൂദനൻ നമ്പൂതിരി കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ചു.