sc-st-yogam

മാന്നാർ: ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ ലിസ്റ്റിനെ ചൊല്ലി മാന്നാർ പഞ്ചായത്തിൽ ഒതുങ്ങി നിന്ന പ്രതിഷേധങ്ങൾ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. മാന്നാർ, ചെന്നിത്തല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നീ ആറു പഞ്ചായത്തുകൾ ഉൾപ്പെട്ട മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ ലിസ്റ്റ് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പ്രഖ്യാപിച്ചത്. ലിസ്റ്റിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത തർക്കം കഴിഞ്ഞ ദിവസം കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സാമുദായിക സന്തുലനം പാലിക്കാത്തതും പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ചവർക്ക് ആവശ്യമായ പരിഗണന നൽകാത്തതും ലിസ്റ്റിനെ അംഗീകരിക്കാൻ കൂടുതൽ പേരും വിസമ്മതിക്കുകയാണ്. കെ.പി.സി.സി നിർദേശിച്ച മാനദണ്ഡങ്ങൾ പോലും കാറ്റിൽപറത്തി ബൂത്ത് പ്രസിഡന്റിനെ വരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളെ അവഗണിച്ചതായും ബുധനൂർ, പുലിയൂർ പ്രദേശങ്ങളിലെ ചില സീനിയർ പ്രവർത്തകർ പരാതിപ്പെടുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടും ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് രാജി വയ്ക്കാത്തതിനെ തുടർന്ന് ഡി.സി.സി മൂന്നു പ്രാവശ്യം യോഗം വിളിച്ചു ചേർത്തിട്ടും പങ്കെടുക്കാതെ നേതൃത്വത്തെ വെല്ലുവിളിച്ച് മാറിനിന്നവരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ചെന്നിത്തലയിൽ വീണ്ടും കലാപത്തിന് തുടക്കമായി.

.............

# എസ്.സി, എസ്.ടി പ്രതിഷേധ പ്രമേയം

മാന്നാർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിത്വ ലിസ്റ്റിൽ എ.സി, എസ്.ടി വിഭാഗങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എസ്.സി, എസ്.ടി കോ-ഔഡിനേഷൻ കമ്മിറ്റിയുടെ അടിയന്തര യോഗം മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്നു. ഈ വിഭാഗത്തിനോട് നേത്യത്വം കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവാനും ഇതിനെതിരെ പ്രമേയം പാസക്കി കെ.പി.സി.സി, ഡി.സി.സി, എം.പി എന്നിവർക്ക് സമർപ്പിക്കുവാനും യോഗം തിരുമാനിച്ചു. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ അനിൽ മാന്തറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മിഥുൻമയൂരം, മിനിക്കുട്ടി ആല, ഗോപി ബുധനൂർ, കൃഷ്ണൻകുട്ടി, ബ്ലോക്ക്മെമ്പർ അലീനവേണു, ഗ്രാമപഞ്ചായത്തംഗം കെ.സി പുഷ്പലത, കല്യാണകൃഷ്ണൻ, ചെല്ലപ്പൻപാണ്ടനാട്, രത്നകല പാണ്ടനാട്, വേണു ചെന്നിത്തല, പ്രകാശ് മൂലയിൽ, ശുഭ ഗോപാലക്യഷ്ണൻ, സോമരാജൻ വെൺമണി, സന്തോഷ് വെൺമണി, സുകുമാർ എണ്ണയ്ക്കാട്, കുട്ടപ്പൻ ചെന്നിത്തല, മുരളി പാവുക്കര, അനിതമന്മഥൻ, സിന്ധുപ്രശോഭ്, സുജസന്തോഷ്, കൃഷ്ണൻകുട്ടി മാന്നാർ, സന്തോഷ്, സതീഷ് വെൺമണി എന്നിവർ പങ്കെടുത്തു.