
ആലപ്പുഴ : ഇരുപത്തിയെട്ടാം ഓണത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രസിദ്ധമായ കാളകെട്ട് മഹോത്സവം നടന്നു. കെട്ടുകാളകളുടെ പ്രദർശനം ഇന്നലെയും തുടർന്നു. അവധി ദിവസങ്ങളായതിനാൽ വമ്പച്ച ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇരുനൂറൊളം കെട്ടുകാളകളാണ് ഓച്ചിറ പടനിലത്ത് എത്തിച്ചേർന്നത്. വെള്ളിയാഴ്ചയിലെ കനത്ത മഴയിൽ റോഡുകൾ വെള്ളക്കെട്ടായത് കെട്ടുകാളകളുടെ വരവിന് പ്രതിബന്ധമായി. ഉത്രാട ദിനത്തിൽ കാളമൂടുകളിൽ നടക്കേണ്ടിയിരുന്ന നിറപറസമർപ്പണം, ദീപക്കാഴ്ച, വിവിധ കലാരൂപങ്ങളുടെ പ്രകടനം എന്നിവ മഴകാരണം നടന്നില്ല. ഇരുപത്തിയെട്ടാം ഓണദിനം വൈകിട്ട് ആറിന് മുമ്പായി കെട്ടുകാളകളെ ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇന്നലെ രാവിലെ ആറുമണിയോടുകൂടിയാണ് പലകൂറ്റൻ കെട്ടുകാളകളും ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചത്.
നിരാശയിലാഴ്‌ത്തിയ
കാലഭൈരവന്റെ പതനം
കെട്ടുകാളകളിൽ ഏറ്റവും വലുതെന്ന് ഖ്യാതിനേടിയ വിശ്വപ്രജാപതി കാലഭൈരവന്റെ പതനം കാണികളെയും കരക്കാരെയും നിരാശയിലാഴ്ത്തി. കാളയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടയിൽ ഒടിഞ്ഞു വീഴുകയായിരുന്നു. നിർമ്മാണത്തിലെ പിഴവാണ് കാലഭൈരവന്റെ പതനത്തിനിടയാക്കിയത്. ഞക്കനാൽ പടിഞ്ഞാറ് കരക്കാരാണ് കാലഭൈരവനെ കെട്ടിയെഴുന്നള്ളിക്കുന്നത്. 72 അടിയുള്ള കാലഭൈരവന്റെ ശിരസിന് മാത്രം പതിനേഴ് അടി ഉയരമുണ്ട്. 25 ടൺ ഇരുമ്പും 26 ടൺ വൈക്കോലും നിർമ്മാണത്തിനായി ഉപയോഗിച്ചു. നെറ്റിപ്പട്ടത്തിന്റെ ഉയരം 32 അടിയാണ്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് കാലഭൈരവനെ അടുത്ത വർഷം ഓച്ചിറ പടനിലത്തേക്ക് ആനയിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.