
മാന്നാർ: ഭാരതീയ സംസ്കാരത്തെയും ഹൈന്ദവ വൈജ്ഞാനിക പാരമ്പര്യത്തെയും കൂടുതൽ അറിയുവാനും പുതു തലമുറക്ക് പകർന്നു നൽകുന്നതിനും ലക്ഷ്യമിട്ട് തൃക്കുരട്ടി മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെയും സമന്വയ ഗ്ലോബലിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ വേദാന്ത സംസ്കൃത പാഠശാലക്ക് തുടക്കമായി. സമന്വയ ഗ്ലോബൽ ഭാരവാഹി റിട്ട.എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ ക്ലാസിന് നേതൃത്വം നൽകി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഹരികുമാർ ശിവം ആമുഖ പ്രഭാഷണം നടത്തി. തുടർന്നുള്ള ക്ലാസുകൾ എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 4.15 ന് നടക്കും. സമന്വയ ഗ്ലോബലിന്റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5ന് നടത്തി വരുന്ന 'ജ്ഞാന വർഷ'വും ഇതോടൊപ്പം തുടർന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.