ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം വേമ്പനാട്ട് കായലിൽ സവാരിക്കെത്തിയ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണു മരിച്ചു. കോട്ടയം ഓമല്ലൂർ മേച്ചേരിൽപ്പാറയിൽ രാജീവ് രാഘവൻ (42) ആണ് മരിച്ചത്. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിൽ ജെട്ടിക്ക് സമീപമായിരുന്നു അപകടം. വർക് ഷോപ്പ് ജോലിക്കാരായ രാജീവ് രാഘവൻ 12 അംഗ സംഘത്തിനൊപ്പമാണ് ഹൗസ് ബോട്ട് യാത്രക്കെത്തിയത്. ഇന്നലെ പകൽ യാത്ര കഴിഞ്ഞ് വൈകിട്ടോടെ ഹൗസ് ബോട്ട് കായലോരത്ത് വിശ്രമത്തിനായി കെട്ടിയിട്ടിരിക്കുകയായിരുന്നു. സംഘം രാത്രി ബോട്ടിൽ കിടന്നാണ് ഉറങ്ങിയത്.
രാവിലെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് രാജീവിനെ കാണാതാവുകയായിരുന്നു.
ഫയർഫോഴ്സ് സംഘം രാവിലെ 9 ഓടെ ആരംഭിച്ച തിരച്ചിലിനൊടുവിൽ ഉച്ചക്ക് രണ്ടോടെ സമീപത്തെ മറ്റൊരു ഹൗസ് ബോട്ടിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രഞ്ജിനി. മക്കൾ: നിരഞ്ജന, നിവേദ്യ.