ആലപ്പുഴ : ദിവസം നാനൂറ് കിലോമീറ്ററിലധികം യാത്ര. കുണ്ടുംകുഴിയും താണ്ടി കരപറ്റുമ്പോഴേക്കും 'കട്ടപ്പുറ'ത്താവുകയാണ് ഓരോ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെയും ആരോഗ്യം. ദേശീയപാതയുടെ നിർമ്മാണം നടക്കുന്നതിനാൽ, മുമ്പ് നാല് മണിക്കൂർ കൊണ്ട് സഞ്ചരിച്ചെത്താവുന്ന ദൂരം താണ്ടാൻ ഇപ്പോൾ ഏഴ് മണിക്കൂറിലധികം സമയം വേണ്ടി വരും.

ദേശീയപാതയുടെ നിർമ്മാണം അവസാനിക്കുന്നതോടെ ദുരിതത്തിന് അറുതിയാകും. പക്ഷേ അതുവരെ ഈ ദുരിതയാത്രയുടെ തീവ്രത കുറയ്ക്കാൻ സമയക്രമീകരണമടക്കം സംവിധാനങ്ങളൊരുക്കാൻ വകുപ്പ് സഹകരിക്കണമെന്നാണ് ജീവനക്കാരുടെ അഭ്യർത്ഥന. മണിക്കൂറുകൾ നീളുന്ന യാത്രകളിൽ ശുചിത്വമുള്ള ബാത്ത്റൂമുകളുടെ അപര്യാപ്തതയടക്കം സ്ത്രീ ജീവനക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ നിരവധിയാണ്.

മുമ്പ് ആലപ്പുഴയിൽ നിന്ന് വൈറ്റില എത്താൻ സൂപ്പർ ഫാസ്റ്റ് ബസ്സിന് ഒന്നര മണിക്കൂർ സമയം മതിയായിരുന്നു. ഇപ്പോൾ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ വേണ്ടിവരുന്നു. തുറവൂർ - അരൂ‌ർ പാത കടക്കാൻ മാത്രം അധികമായി ഒരു മണിക്കൂറിലധികം വേണം.

കംഫർട്ടല്ല കാര്യങ്ങൾ

'പുലർച്ചെ വീട്ടുജോലികളെല്ലാം ഒതുക്കിയാണ് ഡിപ്പോയിലേക്ക് ഓടിയെത്തുന്നത്. ഓരോ ഡ്യൂട്ടിയും അവസാനിച്ച് തിരിച്ചിറങ്ങുമ്പോൾ, നടുവ് ബാക്കിയുണ്ടോ എന്ന് തോന്നിപ്പോകും' ആലപ്പുഴ ഡിപ്പോയിലെ വനിതാ കണ്ടക്ടറുടെ വാക്കുകളാണിത്. രാവിലെ ആലപ്പുഴയിൽ നിന്ന് കൊല്ലം. അവിടെ നിന്ന് ചേർത്തല. വീണ്ടും കൊല്ലം. അതിനുശേഷം ആലപ്പുഴയിലേക്ക്. മഴ പെയ്തു കഴിഞ്ഞാൽ കുഴിയാണോ, റോഡാണോ എന്ന് തിരിച്ചറിയാനാവാത്ത വഴിയിലൂടെയാണ് യാത്ര. സാധാരണ ബസ്സ് യാത്രയുടെ ഇരട്ടി ശരീര വേദനയാണ് റോഡ് പണി നടക്കുന്ന വഴിയിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കേണ്ടിവരുന്നത്. കൊല്ലം പോലുള്ള ഡിപ്പോകളിലെത്തിയാൽ വൃത്തിഹീനമായ ബാത്ത്റൂമുകൾ ഉപയോഗിക്കാൻ പോലും കഴിയില്ല. കരുനാഗപ്പള്ളിയിലും ആലപ്പുഴയിലും വൈറ്റില ഹബ്ബിലും കംഫർ‌ട്ട് സ്റ്റേഷനുകളുടെ സ്ഥിതി ആശ്വാസകരമാണ്. ആലപ്പുഴയിൽ വനിതാ ജീവനക്കാർക്കു വേണ്ടി ബാത്ത് റൂമിനോട് ചേർന്ന് വെൻഡിംഗര മെഷീൻ സ്ഥാപിച്ചിരുന്നു. പക്ഷേ പൊതുവായ ഉപയോഗം മൂലം മെഷീൻ ഇപ്പോൾ പൂർണമായും പ്രവർത്തിക്കുന്ന സ്ഥിതിയിലല്ല.

പ്രതിദിനം നാനൂറ് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവരുന്ന സർവീസുകൾക്ക് കിലോമീറ്റർ അൽപ്പം കുറച്ചുനൽകുന്നത് വകുപ്പ് അനുഭാവ പൂർവ്വം പരിഗണിക്കണം

- ജീവനക്കാർ