ആലപ്പുഴ : പ്രതികളെ ബന്ധിക്കുന്നത് മേശയുടെ കാലിലും ജനലഴിയിലും, പ്രാഥമികകൃത്യം നിർവഹിക്കാൻ എസ്.ഐയുടെ റൂമിനുള്ളിലെ ടോയ്‌ലറ്റിൽ ഊഴം കാത്തുനിൽക്കുന്ന പൊലീസുകാർ.... അരൂർ പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥയുടെ നേർച്ചിത്രമാണിത്.

തലചായ്ക്കാൻ പോയിട്ട് തുണിമാറാൻ പോലും ഇടമില്ലാത്തത്ര ദുരിതം. ലോക്കപ്പും തൊണ്ടിമുറിയും സ്ട്രോംഗ് റൂമുമില്ല. ഭക്ഷണം കഴിക്കാനും കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനുമായി മൂന്നുഡസനിലധികം പൊലീസുകാർക്കായി ആകെയുള്ളത് ഒരു മേശ.

കൊച്ചിയുടെ ഉപഗ്രഹ നഗരമായി വികസിക്കുന്ന അരൂരിൽ കേസുകൾ നാൾക്കുനാൾ വർദ്ധിക്കുമ്പോഴും പൊലീസ് സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജനപ്രതിനിധികൾക്ക് പോലും ഒരു താത്പര്യവുമില്ലാത്ത സ്ഥിതിയാണ്.

1983 ഒക്ടോബർ രണ്ടിനാണ് സ്റ്റേഷൻ നിലവിൽ വന്നത്. നാലുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. അരൂർ - ഇടക്കൊച്ചി പാലത്തിനരികിൽ മുക്കത്ത് വ്യവസായ വകുപ്പിന്റെ പഴയ കെട്ടിടത്തിലായിരുന്നു ആദ്യം . ഈ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്നാണ് ചന്തിരൂരിലേക്ക് മാറ്റിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളിലൊന്നാണ് അരൂർ.

ലോക്കപ്പില്ല, പ്രതികളെ കെട്ടിയിടുന്നത് മേശക്കാലിൽ

1. വനിതാ പൊലീസുകാർക്ക് വസ്ത്രം മാറാൻ സുരക്ഷിതമുറിയില്ല

2.പ്രതികളെ സൂക്ഷിക്കാൻ ലോക്കപ്പ് ഇല്ല

3.കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാനിടമില്ല

4.സി.ഐ യുടെ മുറിയുടെ മുകൾ ഭാഗത്തെ കോൺക്രീറ്റ് ഇളകിയ നിലയിൽ

5.മഴപെയ്താൽ വനിതാ പൊലീസുകാരുടെ വിശ്രമമുറി വെള്ളത്തിൽ

വഴിയിൽ വീഴുന്ന ജീപ്പുകൾ

ഇവിടെയുള്ള രണ്ട് ജീപ്പുകളും മിക്കപ്പോഴും തകരാറിലാണ്. അരൂർ - തുറവൂർ റോഡിലെ ഗതാഗത തടസവും റോഡിന്റെ തകർച്ചയുമാണ് ജീപ്പുകളുടെ നടുവൊടിച്ചത്. അതിർത്തി സ്റ്റേഷനായതിനാൽ വി.ഐ.പികളെ അനുഗമിക്കുകയോ പൈലറ്റ് പോകുകയോ ചെയ്യേണ്ടിവരുമ്പോഴാണ് ജീപ്പുകളുടെ ദുരവസ്ഥ പൊലീസുകാരെ ആശങ്കയിലാക്കുന്നത്.

എരിയകുളം നികത്താനായില്ല

പഞ്ചായത്ത് ഓഫീസിന് സമീപത്തെ പൊതുകുളമായ എരിയകുളം നികത്തി സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ 2018-ൽ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 1.10കോടി രൂപയും അന്നത്തെ എം.എൽ.എ എ.എം.ആരിഫ് പ്രാദേശികവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും അനുവദിച്ചതാണ്. തണ്ണീർത്തടനിയമ ലംഘനമാരോപിച്ച് പൊതുപ്രവർത്തകർ നൽകിയ ഹർജിയിൽ എരിയകുളം നികത്തുന്നത് ഹൈക്കോടതി തടഞ്ഞു. പിന്നീട് സ്റ്റേഷന് സ്ഥലം കണ്ടെത്താനോ കെട്ടിടനിർമ്മാണത്തിനോ നടപടിയുണ്ടായില്ല.

അരൂർ സ്റ്റേഷനിൽ

 ആകെ ഉദ്യോഗസ്ഥർ : 40

 സി.ഐ : 1

 എസ്.ഐ : 2

 വനിതാ ഉദ്യോഗസ്ഥർ : 7

പ്രതിവർഷം ചാർജ് ചെയ്യുന്ന കേസുകൾ (ശരാശരി)

475

സ്ഥല പരിമിതിയും സൗകര്യക്കുറവുമാണ് പ്രധാന വെല്ലുവിളി. ലോക്കപ്പില്ലാത്തതിനാൽ കുത്തിയതോട് സ്റ്റേഷനിലാണ് പ്രതികളെ ലോക്കപ്പിൽ സൂക്ഷിക്കുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായാലേ ദുരവസ്ഥയ്ക്ക് പരിഹാരമാകൂ

- സി.ഐ, അരൂർ

ലേഖകന്റെ ഫോൺ :9446815227