
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം 27ന് നടക്കുമെന്ന് സൂചന . ഇത് സംബന്ധിച്ച അറിയിപ്പ് ആശുപത്രി അധികൃതർക്ക് ലഭിച്ചു. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണം മാർച്ചിൽ പൂർത്തിയായതാണ്. എന്നാൽ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പേരിലും മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കുന്നതിലെ കാലതാമസത്തിന്റെ പേരിലും ഉദ്ഘാടനം മാസങ്ങളോളം നീണ്ടു. സാധാരണക്കാരുടെ രോഗനിർണയത്തിനും ചികിത്സയ്ക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ നിഷേധിക്കുകയാണെന്ന് ഇതോടെ ആരോപണം ഉയർന്നിരുന്നു.
പഴക്കം ചെന്നതും പൊളിഞ്ഞു വീഴാറായാതുമായ കെട്ടിടത്തിലാണ് എമർജൻസി മെഡിസിൻ പോലെയുള്ള വിഭാഗങ്ങളും അഡ്മിനിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള ഓഫീസ് വിഭാഗവും നിലവിൽ പ്രവർത്തിക്കുന്നത്.കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം രോഗികളും ബന്ധുക്കളും ജീവനക്കാരും വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്.പുതിയ ബ്ലോക്ക് അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ.സി.വേണുഗോപാൽ എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
സൂപ്പർസ്പെഷ്യാലിറ്റിയിൽ പ്രതീക്ഷ
2020 ഫെബ്രുവരി ഒമ്പതിനായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർത്താനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാലത് നടപ്പായില്ല. പുതിയ സമുച്ചയം തുറക്കുന്നതോടെ സൂപ്പർ സ്പെഷ്യാലിറ്റിയാക്കാനുള്ള ശ്രമങ്ങൾക്ക് വേഗത കൂടുമെന്നാണ് പ്രതീക്ഷ.
ഒ.പി ബ്ലോക്ക്
ചെലവ്: ₹ 117 കോടി
ഒ.പികൾ പുതിയ കെട്ടിടത്തിൽ
എം.ആർ.ഐ സ്‌കാൻ, മാമോഗ്രാം, എക്സ് റേ ഉൾപ്പെടെ അത്യാധുനിക ഉപകരണങ്ങൾ
ഫാർമസി, ലാബ്, റേഡിയോളജി വിഭാഗങ്ങൾ, മിനി ഓപ്പറേഷൻ തിയേറ്റർ
മെഡിസിൻ, പി.എം.ആർ, പീഡിയാട്രിക് ഐ.പി വാർഡുകൾ താത്കാലികമായി മാറ്റും
പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ഉടൻ മുഖ്യമന്ത്രി നിർവഹിക്കുമെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ട്
- ഡോ.കെ.വേണുഗോപാൽ, ഡെപ്യുട്ടി സൂപ്രണ്ട്, ജനറൽ ആശുപത്രി