
□പി.വി.അൻവർ വെള്ളാപ്പള്ളിയെ സന്ദർശിച്ചു
ചേർത്തല : ശബരിമല വിവാദ വിഷയമാക്കരുതെന്നും സ്പോട്ട് ബുക്കിംഗിലെ തീരുമാനം സർക്കാർ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പി.വി.അൻവർ എം.എൽ.എയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വിവാദങ്ങൾ പാടില്ല, എല്ലാ ഭക്തർക്കും ദർശനം നടത്താനുള്ള അവസരമുണ്ടാകണം. സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയതിൽ സർക്കാർ പുനർവിചിന്തനം നടത്തണം. അൻവറിനെ നേരത്തെ അറിയാം,പലതവണ വന്നിട്ടുണ്ട്, ഇപ്പോഴും വന്നെന്നേയുള്ളു, സൗഹൃദം പങ്കിട്ടു. രാഷ്ട്രീയ ഉദ്ദേശ്യങ്ങളൊന്നുമില്ല. ഞാൻ ഡി.എം.കെയിലും ഇല്ല, എ.ഡി.എം.കെയിലുമില്ല. അൻവറിന് അൻവറിന്റെ നിലപാട്, എനിക്ക് എന്റെ നിലപാട്. അൻവറിന്റെ വിമർശനങ്ങളിൽ അഭിപ്രായം പറയാൻ ഇല്ല. അജിത്ത്കുമാറിന്റെ പേരിൽ അന്വേഷണം നടക്കുകയാണ്. അതിൽ അഭിപ്രായം പറയാനില്ല. ഓരോരുത്തർക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ ഉപദേശമൊന്നും അൻവറിന് നൽകാനില്ല. ഓരോരുത്തരുടേയും വിശ്വാസം അവരവരെ രക്ഷിക്കട്ടെ' - വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ തറവാട്ട് വീട്ടിലാണ് താൻ ഇരിക്കുന്നതെന്നും ഇവിടെ വച്ച് രാഷ്ട്രീയകാര്യങ്ങൾ പറയാനില്ലെന്ന് അൻവറും പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിൽ ഇന്നലെ രാവിലെ 9.15 ഓടെ എത്തിയ അൻവർ ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചു.