
ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസുകളിൽ നിന്ന് ഡീസൽ മോഷണം ചെയ്‌ത കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേർ അറസ്റ്റിൽ. കരുനാഗപ്പളളി കല്ലേലിഭാഗം കയ്യാലയ്യത്ത് വീട്ടിൽ സുധീഷ് (29), കരുനാഗപ്പള്ളി കല്ലേലിഭാഗം സുരജിത്ത് ഭവനം സുരജിത്ത് (23) എന്നിവരെയാണ് നൂറനാട് സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് രാത്രി സമയം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപം നിറുത്തിയിട്ടിരുന്ന താമരക്കുളം ചരുവിൽ വീട്ടിൽ അബ്ദുൾ ബഷീറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകളിൽ നിന്ന് ഏകദേശം 190 ലിറ്ററോളം ഡീസലാണ് പ്രതികൾ അപഹരിച്ചത്. അബ്‌ദുൽ ബഷീറിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാന രീതിയിൽ മോഷണം നടത്തിയ പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. താമരക്കുളം വഴി സർവീസ് നടത്തുന്ന ഗരുഡ ബസിലെ ജീവനക്കാരായ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയായ സുധീഷ് നേരത്തേയും സമാനമായ കേസുകളിലും ബാറ്ററി മോഷണകേസിലും പ്രതിയാണ്. .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.