
ഹരിപ്പാട്: വീയപുരം ഗ്രാമപഞ്ചായത്തിന് വികസനകാര്യങ്ങൾ ചർച്ചചെയ്യാൻ
ഒരുഇടമില്ലാതായിട്ട് നാളുകളായി. കുട്ടനാട് നിയോജക മണ്ഡലത്തിന്റെയും മാവേലിക്കര പാർലമെന്റ് മണ്ഡലത്തിന്റെയും ഭാഗമാണ് വീയപുരം. എന്നാൽ, കുട്ടനാട് താലൂക്ക് വികസന സമിതിയിലും ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പടേണ്ട കാർത്തികപ്പള്ളി താലൂക്ക് വികസന സമിതിയിലും വീയപുരത്തിന് സ്ഥാനമില്ല. ഇതോടെ, വീയപുരത്തിന്റെ വികസനകാര്യങ്ങൾ ചർച്ചചെയ്യാൻ വേദിയില്ലാതായി.
ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാകാര്യങ്ങളും കാർത്തികപള്ളി താലൂക്കിന്റെ മേൽനോട്ടത്തിലാണ് ഇവിടെ നടക്കുന്നത്. എന്നാൽ നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പ് കാര്യങ്ങൾ കുട്ടനാട് താലൂക്കിന്റെ മേൽനോട്ടത്തിലും. എം.എൽ.എ, എം.പി എന്നിവരുടെ വികസന ഫണ്ട് വിനിയോഗം കുട്ടനാട് താലൂക്ക് വികസന സമിതി യോഗത്തിലാണ് ചർച്ചചെയ്യുന്നത്.
ഈ രണ്ടു സമിതികളിലും വീയപുരത്തെ ഉൾപ്പെടുത്തിയിട്ടുമില്ല. ഇതോടെയാണ്
പല വികസന പ്രവർത്തനങ്ങളും വീയപുരത്തിന് അന്യമാകുന്നതായി അഭിപ്രായ മുയർന്നത്.
താലൂക്ക് വികസന സമിതി യോഗത്തിൽ വീയപുരത്തെ ഉൾപ്പെടുത്തണമെന്ന പഞ്ചായത്തിന്റെ ആവശ്യം ഉൾക്കൊള്ളുന്ന നിവേദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ജില്ലാകളക്ടർക്ക് ഇതിനകം കൈമാറിക്കഴിഞ്ഞു.
വികസനത്തിന് വഴിയില്ല
1. 12.5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന വീയപുരത്തിൽ 17 പാടശേഖരങ്ങളുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമല ആറുകൾ ഒഴുകുന്നു. 500 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ തടി ഡിപ്പോ ഉൾപ്പെടെ ജില്ലയിലെ ഏകസംരക്ഷിതവനവും ഇവിടെയാണ്
2. പായിപ്പാട് ജലോത്സവ പവലിയൻ, മുണ്ടാർ എന്നിവ ടൂറിസം സാദ്ധ്യതയ്ക്ക് മാറ്റ് കൂട്ടുന്നു. ഇവയുടെ വികസനവും അതുവഴി നാടിന്റെ പുരോഗതിയും ചർച്ചചെയ്യാനുള്ള വേദിയില്ലാത്തത് വീയപുരത്തെ പുറകോട്ടടിക്കുന്നു
3. കാർഷിക മേഖലയാണെങ്കിലും കുട്ടനാട് പാക്കേജിൽ നിന്നോ, കാർത്തികപ്പള്ളിയിലെ ഓണാട്ടുകര ഏജൻസിയുടെയോ, ഹരിതം ഹരിപ്പാടിന്റെ സഹായങ്ങളോ വീയപുരത്തിന് ലഭിക്കുന്നില്ല. എല്ലാരീതിയിലും ഒറ്റപ്പെടുത്തുന്ന നിലപാടുകളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്
4. വീയപുരം കേന്ദ്രീരിച്ച് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് മന്ത്രി, എം.എൽ.എ, എം.പി എന്നിവർക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രനും വൈസ്‌പ്രസിഡന്റ് പി.എ.ഷാനവാസും