tur

തുറവൂർ : സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡ് കുന്നത്ത് വീട്ടിൽ രോഹിത് വിശ്വം (അപ്പു - 27) നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ 2022-ൽ രജിസ്റ്റർ ചെയ്ത കേസാണിത്. സി.ഐ ആർ.എസ്.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത വരുത്തിയ യുവാവ്, ഒരു ദിവസം വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി വീട്ടിനുള്ളിൽ കയറി മാനഭംഗപ്പെടുത്തുകയായിരുന്നു. തുടർന്നും മറ്റൊരു ദിവസം ഇതേ രീതിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുറ്റകൃത്യം ആവർത്തിച്ചു. പഠനത്തിൽ പിന്നോക്കം പോയ കുട്ടിയുടെ കൗൺസിലിംങ്ങിലൂടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷയും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് അഞ്ചുവർഷം തടവും 50000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ശിക്ഷി വിധിച്ചു.കൂടാതെ തുടർച്ചയായി പിന്തുടർന്ന് ശല്യം ചെയ്തതിന് പോക്സോ ആക്ട് പ്രകാരം ഒരു വർഷം തടവും 10,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരഭാഗങ്ങളിൽ സ്പർശിച്ചതിനും മറ്റും മൂന്നുവർഷം തടവും 25,000 രൂപയും ഒന്നിൽ കൂടുതൽ തവണ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉൾപ്പെടെ 34 വർഷം തടവും 265000 രൂപ പിഴയും ആണ് ശിക്ഷ .ശിക്ഷ കാലാവധി ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും .പിഴ അടക്കാത്ത പക്ഷം 3 വർഷം തടവ് കൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബീന കാർത്തികേയൻ, അഡ്വ.വി. എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.