ചേർത്തല: നാലുവർഷം മുമ്പു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് തോൽവി സി.പി.എം വയലാർ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ തീപാറും ചർച്ചയായി. ശക്തികേന്ദ്രങ്ങളായ രണ്ടു വാർഡിലെ തോൽവിയുടെ പേരിൽ പ്രതിനിധികൾ ചേരിതിരിഞ്ഞു തർക്കമുയർത്തിയതായാണ് വിവരം.ശക്തികേന്ദ്രങ്ങളിൽ തോൽവിക്കു പിന്നിൽ പ്രവർത്തിച്ച പവർഗ്രൂപ്പുകളെ കണ്ടെത്തി നടപടിയെടുക്കാൻ കഴിയാത്തതാണ് ഒരു വിഭാഗം വിമർശനമായി ഉയർത്തിയത്. ഇതിനൊപ്പം പാർട്ടിഭരിക്കുന്ന സഹകരണ ബാങ്കിൽ പാർട്ടിയോടുകൂടിയാലോചിക്കാതെയുള്ള പ്രവർത്തനങ്ങളാണു നടക്കുന്നതെന്ന് റിപ്പോർട്ടിലും പരാമർശമുള്ളതായാണ് വിവരം.സമ്മേളനത്തിൽ പി.കെ.സജിമോനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി പി.കെ.സാബു,ജില്ലാകമ്മിറ്റിയംഗം എൻ.പി.ഷിബു എന്നിവർ പങ്കെടുത്തു.പൊതുസമ്മേളനം ജോൺഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടേറിയേറ്റംഗം മനു.സി.പുളിക്കൽ, എ.എം.ആരിഫ്,ജി.ബാഹുലേയൻ,എം.ജി.നായർ,എസ്.വി.ബാബു,ആർ.ജീവൻ,യു.ജി.ഉണ്ണി എന്നിവർ സംസാരിച്ചു.