biju

ആലപ്പുഴ: സ്ഥലപരിമിതിയിലും അസൗകര്യങ്ങളിലും വീർപ്പുമുട്ടുന്ന അരൂർ പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി. അരൂർ സ്റ്റേഷനിൽ പൊലീസുകാരും പൊതുജനങ്ങളും നേരിടുന്ന ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വ്യാപാരികളും പൊലീസ് സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

നാലുപതിറ്റാണ്ടിലേറെയായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ലോക്കപ്പും തൊണ്ടിമുറിയും സ്ട്രോംഗ് റൂമും വിശ്രമമുറികൾ പോലുമില്ലാത്ത നിലയിലാണ് അരൂർ പൊലീസ് സ്റ്റേഷന്റെ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് ചെയ്തതോടെയാണ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പ്രതികരണമുയർന്നത്.

...................................................

സ്ഥലം വിലയ്ക്കെടുക്കണം

എന്ത് ആവശ്യത്തിനും ജനങ്ങൾ ഓടിച്ചെല്ലുന്ന പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം അത്യന്താപേക്ഷിതമാണ്. പഞ്ചായത്ത് കുളം നികത്തി സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതി നടപ്പാക്കാൻ കഴിയാതെ പോയശേഷം യാതൊരു ശ്രമവുമുണ്ടായില്ല.പൊലീസ് സ്റ്റേഷനാവശ്യമായ സ്ഥലം പൊന്നും വിലയ്ക്കെടുത്ത് ദീർഘ വീക്ഷണത്തോടെ കെട്ടിട നിർമ്മിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം .

- അസീസ് പായിക്കാട്, പ്രസിഡന്റ് , ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി

...................................................

വഴിയിലെ പാർക്കിംഗ് ഒഴിവാക്കണം

മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ വർഷംതോറും കോടികൾ ചെലവഴിക്കുമ്പോൾ നാലുപതിറ്റാണ്ടായിട്ടും അരൂർ സ്റ്റേഷന് മതിയായ കെട്ടിട സൗകര്യമില്ലാത്തത് പ്രതിഷേധാർഹമാണ്. സ്ഥലപരിമിതി കാരണം സ്റ്റേഷനിലെത്തുന്നവർ പുറത്ത് വാഹനങ്ങൾ നിർത്തിയിടേണ്ട സാഹചര്യമാണ്. കെട്ടിടത്തിനായി അരൂരോ, എഴുപുന്നയിലോ സ്ഥലം കണ്ടെത്തണം.

-ബിജു പി.മൂലയിൽ , ബി.ഡ‌ി.ജെ.എസ് അരൂർ നിയോജകമണ്ഡലം പ്രസിഡന്റ്

...................................................

സ്ഥലം കണ്ടെത്താൻ ശ്രമിക്കും

എഴുപുന്ന പഞ്ചായത്തിൽ പൊലീസ് സ്റ്റേഷന് വിട്ടുകൊടുക്കാൻ പഞ്ചായത്ത് ഭൂമിയില്ല. എന്നാൽ, സ്റ്രേഷനിലെ അസൗകര്യങ്ങൾക്കും ശോച്യാവസ്ഥയ്ക്കും പരിഹാരമുണ്ടാകേണ്ടത് അത്യാവശ്യമാണ്. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനായി ഭൂമി കണ്ടെത്താൻ പരമാവധി ശ്രമം നടത്തും.

-ആർ പ്രദീപ്, പ്രസിഡന്റ്, എഴുപുന്ന ഗ്രാമ പഞ്ചായത്ത്

.........................................

അസൗകര്യങ്ങൾ പരിഹരിക്കും

എഴുപുന്ന മുതൽ അരൂർ‌ വരെ രണ്ട് പൊലീസ് സ്റ്റേഷൻ ആവശ്യമുള്ള ഇടത്താണ് ഒരു സ്റ്റേഷനുള്ളത്. അരൂർ സ്റ്രേഷനെ അസൗകര്യങ്ങളിൽ നിന്ന് അടിയന്തരമായി മോചിപ്പിക്കേണ്ടതുണ്ട്. പൊലീസുകാരുടെ കുറവും പ്രശ്നമാണ്. സ്റ്രേഷനിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കെട്ടിടത്തിന് സ്ഥലം കണ്ടെത്താനും സാദ്ധ്യമായതെല്ലാം ചെയ്യും.

- സന്ധ്യാശ്രീജൻ, ഗ്രാമപഞ്ചായത്തംഗം, അരൂർ