
അമ്പലപ്പുഴ: നടപ്പാതയിൽ വൈദ്യുതപോസ്റ്റുകൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത് കാൽ നടക്കാർക്ക് അപകടക്കെണിയാകുന്നു. അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്കുഭാഗത്താണ് കാൽനടക്കാർക്ക് ദുരിതമായി പഴയ വൈദ്യുതപോസ്റ്റുകൾ ഇളക്കിയിട്ടിരിക്കുന്നത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്ന് ഇളക്കിയെടുത്ത പഴയ വൈദ്യുത പോസ്റ്റുകളാണ് കരാറുകാർ
അലക്ഷ്യമായി നടപ്പാതയിൽ വലിച്ചെറിഞ്ഞിരിക്കുന്നത്. പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ കാൽനടയാത്രക്കാർ ഈ പോസ്റ്റിൽ തട്ടി വീഴുന്നത് നിത്യസംഭവമാണ്. സർവീസ് റോഡിന്റെയും നിർമ്മാണം നടക്കുന്നതിനാൽ ഏക മാർഗമാണ് ഓടയ്ക്ക് മുകളിൽ സ്ളാബിൽ തീർത്ത ഈ നടപ്പാത. ഇവിടെയാണ്
കരാറുകാർ വൈദ്യുത പോസ്റ്റുകൾ അലക്ഷ്യമായി കൊണ്ടിട്ടിരിക്കുന്നത്. ഇതിൽ തട്ടാതെ വേണം യാത്രക്കാർക്ക് കടന്നുപോകാൻ. ഇതിനെതിരെ
നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. നടപ്പാതയിൽ നിരനിരയായി ഇട്ടിരിക്കുന്ന വൈദ്യുത പോസ്റ്റുകൾ എത്രയും വേഗം മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.