ആലപ്പുഴ : കേരള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ജില്ലയിലെ ക്യാമ്പസുകളെല്ലാം ആവേശത്തിലാണ്. 17 കോളേജുകളിലാണ് വെള്ളിയാഴ്ച്ച ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ എസ്.ഡി കോളേജിൽ ഇത്തവണ കൊട്ടിക്കലാശത്തിന് വിലക്കുണ്ട്. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തന്നെ 11കോളേജുകളിൽ എതിരില്ലാതെ യൂണിയൻ ഉറപ്പിക്കാനായതിന്റെ ആത്മവിശ്വാസമുണ്ട് എസ്.എഫ്.ഐക്ക്. അതേ സമയം അട്ടിമറി വിജയത്തിൽ കുറഞ്ഞതൊന്നും കെ.എസ്.യു ലക്ഷ്യം വെയ്ക്കുന്നില്ല. എ.കെ.ആന്റണിയുടെ സഹോദരിയുടെ കൊച്ചുമകനിലൂടെ മൂന്ന് പതിറ്റാണ്ടിന് ശേഷം ആലപ്പുഴ എസ്.ഡി കോളേജ് യൂണിയൻ തിരിച്ചുപിടിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് കെ.എസ്.യു.
പാട്ടു പാടി പോരാട്ടം
യൂണിയൻ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ പൊതുവേ കളർഫുള്ളാണ്. പാട്ടാണ് പ്രധാന ഇനം. ഓരോ രാഷ്ട്രീയ കക്ഷികളും പരമാവധി കലാകാരന്മാരെ ഒപ്പം കൂട്ടിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്. ഒരു വിഭാഗം ക്ലാസ് മുറികളിൽ പ്രചരണ പ്രസംഗങ്ങളുമായി മുന്നേറുമ്പോൾ, മറ്റൊരും ടീം അടുത്ത ക്ലാസിൽ കലാപ്രകടനങ്ങളുമായി വിദ്യാർത്ഥികളുടെ മനസ്സ് കീഴടക്കാൻ തുടങ്ങിയിരിക്കും. വാക്കുകളിലൂടെ വാചാലരാകുന്നതിനെക്കാൾ എളുപ്പമാണ് കലയിലൂടെ ഓരോ വോട്ടറുടെയും മനസ്സിൽ ഇടം പിടിക്കാനാവുന്നതെന്ന് സ്ഥാനാർത്ഥികളും പറയുന്നു. പാട്ട് മാത്രമല്ല, മിമിക്രി, വിവിധ വാദ്യോപകരണങ്ങളിലെ പ്രകടനം തുടങ്ങിയവയെല്ലാം സ്ഥാനാർത്ഥികൾക്കു വേണ്ടി കൂട്ടുകാർ രംഗത്തിറക്കുന്നുണ്ട്.
ആരോപണ പ്രത്യാരോപണങ്ങൾ
പൊതു സാമൂഹിക രംഗത്തെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളെ അനുസ്മരിക്കും വിധമാണ് ക്യാമ്പസിലും പോരാട്ടം കൊഴുക്കുന്നത്. ജയിച്ച ശേഷം പാലിക്കാതെ പോയ വാഗ്ദാനങ്ങളാണ് പലയിടത്തും എതിർപക്ഷം ആയുധമാക്കുന്നത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേട്ട് പരിഹരിക്കും, അവകാശങ്ങൾ സംരക്ഷിക്കും തുടങ്ങിയ സ്ഥിരം വാഗ്ദാനങ്ങളുമായി മുന്നേറുകയാണ് ക്യാമ്പസുകളിലെ പ്രചരണകാലം. ആവേശം അക്രമത്തിൽ കലാശിച്ച് തിരഞ്ഞെടുപ്പ് നടക്കാതെ പോകുന്ന സ്ഥിതിയുണ്ടാകരുതെന്ന ഓർമ്മപ്പെടുത്തലും ഒരു വിഭാഗം വിദ്യാർത്ഥികൾ നൽകുന്നുണ്ട്.
വലിയ ഇടവേളയ്ക്കു ശേഷം എസ്.ഡി കോളേജ് യൂണിയൻ ഇത്തവണ കെ.എസ്.യു തിരിച്ചുപിടിക്കും
-കുര്യൻ ജോസഫ്, കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി
വിദ്യാർത്ഥികൾ എസ്.എഫ്.ഐക്കൊപ്പമുണ്ട്. വിജയം സുനിശ്ചിതമാണ്
-മാളവിക വേണു, എസ്.എഫ്.ഐ ചെയർപേഴ്സൺ സ്ഥാനാർത്ഥി
കലയുടെ കലാലയമാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്
- ഷേബ ഇ.പൗളിൻ, എ.ഐ.എസ്.എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി