ആലപ്പുഴ: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുന്ന ഷഡാമണി തോട് നീരൊഴിക്ക് തടസപ്പെടുത്തും വിധം മാലിന്യം കൊണ്ട് നിറഞ്ഞ നിലയിൽ. നഗരത്തിലെ 104 ചെറുകനാലുകിൽ പ്രധാനപ്പെട്ടതാണ് ഷഡാമണി തോട്. അമ്പലപ്പുഴ കാപ്പി തോട് മുതൽ നഗരത്തിൽ കൊമേഴ്സ്യൽ കനാൽ വരെ നീളത്തിൽ കിടക്കുന്നതാണ് ഷഡാമണി തോട്. നഗരത്തിലെ ചെറുകനാലുകളിൽ നിന്ന് വരുന്ന മഴക്കാലത്തുള്ള അധിക വെള്ളം ഷഡാമണി തോട് വഴി കൊമേഴ്സ്യൽ കനാലിലേക്ക് ഒഴുക്കിവിടുന്നത്. ഇരുമ്പുപാലത്തിന് പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലുള്ള രണ്ട് ഭാഗങ്ങൾ വഴിയാണ് ഷഡാമണി തോട് കോമേഴ്സ്യൽ കനാലുമായി ബന്ധിപ്പിക്കുന്നത്. ഇതിൽ ടൗൺഹാളിന് വടക്കുഭാഗത്തുള്ള തോടിന്റെ ഭാഗം വെള്ളം ഒഴുകാൻ പറ്റാത്ത തരത്തിൽ മണൽ നിറഞ്ഞ് നീരൊഴുക്ക് പൂർണ്ണമായി നിശ്ചലമാണ്. ഈഭാഗത്ത് മണലും ചെളിയും നിറഞ്ഞതോടെ ഇരുകരകളിലേക്ക് നടന്നു പോകാൻ കഴിയുന്ന അവസ്ഥയിലാണ്. നഗരത്തിലെ 57 ചെറുകനാലുകളുടെ നവീകരണ ജോലികൾ പുരോഗമിക്കുമ്പോഴും ഷഡാമണി തോട് മണലും ചെളിയും നീക്കാത്തതും പ്രതിഷേധം ഉയരുന്നു. മഴക്കാലത്ത് കനാലുകളിലെ നീരൊഴുക്ക് സുഗമാക്കാൻ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിൽ തയ്യാറാക്കിയ നവീകരണ പദ്ധതി ഇന്നും പൂർണമല്ല. ചെറിയ മഴ പെയ്താൽ പോലും നഗരത്തിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിൽ മുങ്ങുന്നതാണ് പതിവ്.
......................
"നഗരത്തിലെ ജലനിർഗമന മാർഗങ്ങൾ പുനരുജ്ജീവിപ്പിക്കാൻ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഷഡാമണി തോടിന്റെ നവീകരണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ചെളിയും മണലും നീക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
കെ.കെ.ജയമ്മൻ ചെയർപേഴ്സൺ, നഗരസഭ