ആലപ്പുഴ : ജില്ലാആസ്ഥാനത്ത് വിദ്യാഭ്യാസ സമുച്ചയമെന്ന കാൽനൂറ്റാണ്ടിന്റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. 6.75 കോടിയുടെ പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടനിർമ്മാണ വിഭാഗം തയ്യാറാക്കിയത്. 1876 സ്ക്വയർമീറ്റർ വിസ്തൃതിയിലുള്ള കെട്ടിട സമുച്ചത്തിന്റെ പദ്ധതി ചീഫ് എൻജിനിയറുടെ അംഗീകാരത്തിനായി സമർപ്പിച്ചുകഴിഞ്ഞു. വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിക്കും. ഇതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കും. ഒരു ക്ളാസ് മുറി വലിപ്പമുള്ള 10മുറികളിലായിട്ടാണ് ജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പ്രവർത്തനം. ജില്ലയിലെ 802 സ്കൂളുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓഫീസിൽ 92 ജീവനക്കാർ ഞെങ്ങിഞെരുങ്ങിയാണ് ഇവിടെ ജോലി ചെയ്യുന്നത്. ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്ഥലം പോലുമില്ല. ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോ പ്രവർത്തിക്കുന്നത് ഗവ.ഗേൾസ് ഹൈസ്ക്കൂളിലാണ്. ക്ളാസ് മുറികൾ കവർന്നെടുത്താണ് ഡിപ്പോയുടെപ്രവർത്തനം.

1959ലാണ് ആർ.ഡി.ഡി എന്ന പേരിൽ ജില്ലയിൽ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. കല്ലുപാലത്തിന് കിഴക്ക് ഭാഗത്തെ സ്വകാര്യ കെട്ടിടത്തിലായിരുന്നു തുട

ക്കം. 1981മുതൽ ഡി.ഡി.ഇ ഓഫീസായത് മുതൽ മുഹമ്മദൻസ് സ്കൂളിന്റെ തെക്കുഭാഗത്ത് അഞ്ചിലധികം സ്കൂളുകൾ പ്രവർത്തിക്കുന്ന ഗ്രൗണ്ടിലാണ് ഡി.ഡി ഓഫീസ് പ്രവർത്തനം.

കത്തിരിപ്പിന്റെ കാൽനൂറ്റാണ്ട്

1. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസുകളെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് പുതിയ കെട്ടിടസമുച്ചയം

2.ഉപജില്ല വിദ്യാഭ്യാസ ഡയറക്ടർ, ജില്ല വിദ്യാഭ്യാസ ഓഫീസർ, എ.ഇ.ഒ, ജില്ല ടെക്സ്റ്റ് ബുക്ക് ഡിപ്പോ, കോൺഫറൻസ് ഹാൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

3.ജില്ല വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം

4. 1984യിലെ സംഘർഷത്തിൽ കെട്ടിടം അഗ്നിക്കിരയാക്കിയിരുന്നു.തുടർന്നാണ് പിന്നിലെ പഴക്കമേറിയ ചോർന്നൊലിക്കുന്ന കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്

ഫണ്ട് മലപ്പുറം കൊണ്ടുപോയി !

1982ലാണ് നഗരമദ്ധ്യത്തിൽ വിദ്യാഭ്യാസ സമുച്ചയ നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ചത്. അന്നുമുതലുള്ള ബഡ്ജറ്റുകളിൽ തുക ഉൾപ്പെടുത്തിയിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ പദ്ധതി ചുവപ്പ് നാടയിൽ കുരുങ്ങിക്കിടന്നു. കഴിഞ്ഞ സർക്കാർ 5.25കോടി അനുവദിച്ചെങ്കിലും സ്ഥലം സംബന്ധിച്ച് നിയമവകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തർക്കം കാരണം നാലുനില കെട്ടിട സമുച്ചയം എന്ന പദ്ധതി നടക്കാതെ പോയി. ഇതോടെ ഫണ്ട് മലപ്പുറം ഡി.ഡി ഓഫീസ് നിർമ്മാണത്തിന് കൈമാറുകയായിരുന്നു.

വിദ്യാഭ്യാസ സമുച്ചയം

ചെലവ്: ₹6.25കോടി

കെട്ടി‌ടം: 3നില

വിസ്തൃതി: 1876 സ്ക്വയർമീറ്റർ

ഓഫീസുകൾ:

ഉപജില്ല വിദ്യാഭ്യാസ ഡയറക്ടർ, ജില്ല വിദ്യാഭ്യാസ ഓഫീസർ, എ.ഇ.ഒ, ജില്ല ടെക്സ്റ്റ് ബുക്ക് ഡിപ്പോ