
ആലപ്പുഴ: നെൽപാടത്ത് വിത്തുവിതയ്ക്കാനും വളമിടാനും കീടനാശിനി പ്രയോഗത്തിനുമെല്ലാം ഡ്രോൺ! കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിലായി പാട്ടത്തിനെടുത്ത 670 ഏക്കറിൽ കൃഷി ചെയ്യുന്ന മാന്നാർ കിളുനേരിൽ വീട്ടിൽ പി.സമീറിന്റേതാണ് (36) ആശയം. ആദ്യഘട്ടത്തിൽ കീടനാശിനി പ്രയോഗത്തിന് നാല് ഡ്രോണുകൾ ഉപയോഗിച്ചു തുടങ്ങി. പത്തുലക്ഷം രൂപ വീതമാണ് ഇവയുടെ വില.
വിതയ്ക്കാനും വളമിടാനും കുറഞ്ഞത് അമ്പത് ലിറ്റർ ശേഷിയുള്ള ഡ്രോൺ വേണം. ഇന്ത്യയിൽ ഇത്തരം ഡ്രോണുകൾ നിർമ്മിക്കുന്ന കമ്പനികളുമായി ചർച്ച നടക്കുന്നു. അടുത്തഘട്ടത്തിൽ നടപ്പാക്കും. ഡ്രോൺ വില താങ്ങാവുന്നതാണോ എന്ന് ചോദിക്കുന്നവരോട് സമീറിന്റെ മറുപടി ഇങ്ങനെ: സാധാരണ ഒരേക്കർ പാടത്തിന് 500 മില്ലി ലിറ്റർ കീടനാശിനിയാണ് ആവശ്യം. എന്നാൽ ഡ്രോണുപയോഗിച്ച് 100 മില്ലി ലിറ്റർ കൊണ്ട് എല്ലാ ചെടികളിലും മരുന്നെത്തിക്കാനാവും. സാധാരണ കൃഷിരീതിയുമായി താരതമ്യം ചെയ്യുമ്പോൾ, ഡ്രോൺ ഉപയോഗം പോക്കറ്റിന് ഇണങ്ങുന്നതാണ്.
ഐ.ടി മേഖല
വിട്ട് പാടത്തേക്ക്
ഐ.ടി രംഗത്തോട് വിടപറഞ്ഞാണ് സമീർ മുഴുവൻസമയ കർഷകനായത്. വിദേശത്ത് പത്ത് വർഷത്തോളം ഐ.ടി മാനേജരായിരുന്നു. പിന്നീട് ചെന്നൈയിൽ സ്വന്തമായി കമ്പനി ആരംഭിച്ചു. കൊവിഡു കാലത്ത് വിവിധ സർക്കാർ പദ്ധതികൾ ഉൾപ്പെടെ കരാറെടുത്ത് ചെയ്തു. അതിനിടെ ചെങ്ങന്നൂരിലെ ബുധനൂർ പഞ്ചായത്തിലെ ഇരുപതേക്കർ തരിശുപാടത്തിൽ കണ്ണുടക്കിയതോടെ കൃഷിയിലേക്ക് തിരിഞ്ഞു. ഇപ്പോൾ മാന്നാർ, ചെന്നിത്തല, ചേർത്തല താലൂക്കുകളിലാണ് നെൽകൃഷിയുള്ളത്. ഭാര്യ ജസ്മിയും മക്കളായ സൽമാനും അദിനാനും പിന്തുണ നൽകുന്നു.
''ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്തതിനാലാണ് ഡ്രോണെന്ന ചിന്തയിലേക്ക് തിരിഞ്ഞത്. നെല്ലിന്റെ വില കൂടുന്നില്ല. കീടനാശിനിയുടെ വില കൂടിക്കൊണ്ടിരിക്കുന്നു. ചെടിക്ക് ആവശ്യമുള്ളതു മാത്രം നൽകാനാവും എന്നതാണ് ഡ്രോണിന്റെ നേട്ടം
-സമീർ