dileep

ആലപ്പുഴ: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന ദിലീപിന്റെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്. ശാരീരിക ഭിന്നശേഷിയുള്ളവർക്കായുള്ള ക്രിക്കറ്റ് അക്കാദമിയുടെ അംഗീകൃത കേന്ദ്രം മുഖേനെ പരിശീലനം നേടുന്നതിനായി ശ്രേഷ്ഠം പദ്ധതി പ്രകാരം സഹായത്തിനായി ദിലീപ് ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് ധനസഹായ തുകയായ പതിനായിരം രൂപ അനുവദിച്ചു. ഇതോടെ,​ ശ്രേഷ്ഠംപദ്ധതിയുടെ ആദ്യഗുണഭോക്താവായി ദിലീപ്.

ചേർത്തല സ്വദേശിയും 50 ശതമാനം ഭിന്നശേഷിക്കാരനുമായ ദിലീപ്,​ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഡിഫറന്റ്‌ലി ഏബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ ഒഫ് കേരളയിൽ അംഗമാണ്.

കലാ-കായിക ഇനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് ശ്രേഷ്ഠം പദ്ധതി വിഭാവനം ചെയ്യുന്നത്. അർഹരായ ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേനെ ശ്രേഷ്ഠം പദ്ധതി ധനസഹായത്തിനായി ഓൺലൈനായി അപേക്ഷിക്കാം.