മാവേലിക്കര: മണ്ഡലത്തിലെ വാത്തികുളം -ചുനക്കര നോർത്ത് ഡീസന്റ് മുക്ക് റോഡ്, ഭരണിക്കാവ് ആൽത്തറ ജംഗ്ഷൻ -വാത്തികുളം -ഓലകെട്ടിയമ്പലം റോഡ്, കുറത്തികാട് ഹൈസ്കൂൾ ജംഗ്ഷൻ -വരേണിക്കൽ -മേപ്പള്ളി റോഡ് എന്നിവ നവീകരിക്കാൻ 8 കോടി രൂപ അനുവദിച്ചതായി എം.എസ്.അരുൺകുമാർ എം.എൽ.എ അറിയിച്ചു. ബി.എം ബി.സി ടാറിംഗ് ചെയ്തു നവീകരിക്കുന്നതിന് ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി റോഡുകൾ 5.50 മീറ്റർ വീതിയിൽ താഴ്ന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഉയർത്തിയുമാണ് നിർമ്മിക്കുക. അപകടവസ്ഥയിലുള്ള കലുങ്കുകൾ പൊളിച്ചു പണിയുകയും ആവശ്യമുള്ള ഭാഗങ്ങളിൽ ഓട നിർമ്മുക്കുകയും ചെയ്യും. ട്രാഫിക് സേഫ്റ്റി പ്രവർത്തിയുടെ ഭാഗമായി റോഡ് മാർക്കിംഗ്, സ്റ്റഡുകൾ, ദിശാസൂചക ബോർഡുകൾ എന്നിവ സ്ഥാപിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ് ഡിവിഷനാണ് നിർമ്മാണച്ചുമതല. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.