ചേർത്തല: താലൂക്കിന്റെ തെക്കൻ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം വീണ്ടും മുടങ്ങി. ഇന്നലെ വൈകിട്ട് ദേശീയപാതയിൽ എക്സറേ കവലയ്ക്ക് സമീപം തൈക്കാട്ടുശ്ശേരി ശുദ്ധീകരണ ശാലയിൽ നിന്ന് കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രധാന കുഴലാണ് പൊട്ടിയത്. ഇതേ തുടർന്ന് ചേർത്തല നഗരസഭ,പള്ളിപ്പുറം,തണ്ണീർമുക്കം എന്നിവിടങ്ങളിൽ ഭാഗികമായും മുഹമ്മ,കഞ്ഞിക്കുഴി,ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിൽ പൂർണമായും കുടിവെള്ള വിതരണം മുടങ്ങി.19 വരെ വെള്ളം മുടങ്ങുമെന്നാണ് ജലഅതോറിട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇതേ പ്രദേശങ്ങളിൽ വെള്ളവിതരണം മുടങ്ങുന്നത്. തുടർച്ചയായി കുടിവെള്ള വിതരണം മുടങ്ങുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. വെള്ളവിതരണം പുനസ്ഥാപിക്കാൻ ജലഅതോറിട്ടി അടിയന്തര അറ്റകുറ്റപ്പണികൾക്കായി നടപടി തുടങ്ങി.