mojan

ആലപ്പുഴ: രാത്രി മുഴുവൻ മുറി അടച്ചിട്ട് ഉറക്കമില്ലാതെ മൊബൈലിൽ കളി.രാവിലെ സ്കൂളിൽ പോകാതെ കിടന്നുറക്കം. ഫോൺ വിലക്കുന്ന മാതാപിതാക്കളോട് വഴക്കടിക്കുന്നവർ. വിദ്യാഭ്യാസം കുട്ടിച്ചോറായി ഓൺലൈൻ ബിസിനസിലും ഗെയിമുകളിലും കൈപൊള്ളിയവർ...

കൊച്ചുകുട്ടികൾ മുതൽ വൃദ്ധൻമാരെ വരെ മൊബൈൽ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്ന 'ഇ-മോചൻ ക്ളിനിക്ക്' സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നു.

കോഴിക്കോട് ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ രണ്ടുവർ‌ഷം മുമ്പ് ആരംഭിച്ച ഇ- മോചൻ ക്ളിനിക്കിൽ നൂറുകണക്കിനു പേരാണ് സൈക്കോ തെറാപ്പിയിലൂടെ ഇന്റർനെറ്റ് ആസക്തിയിൽ നിന്ന് മോചിതരായത്. കൊവിഡ് കാലത്താണ് വിദ്യാർത്ഥികളുടെ ഫോൺ- ഇന്റർനെറ്റ് ഉപയോഗം അമിതമായത്. ഇത് പഠിത്തം ഇല്ലാതാക്കുന്നതിനൊപ്പം കുട്ടികളെ സൈബർ തട്ടിപ്പുകൾക്കും ലൈംഗിക ചൂഷണത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ഇരകളാക്കുന്നുണ്ട്. കൗൺസലിംഗ് വഴിയും സൈബർ പൊലീസ് പിടിക്കുന്ന കേസുകളിലും കുട്ടികളെ ഇ-മോചൻ ക്ളിനിക്കിൽ ചികിത്സയ്ക്ക് എത്തിക്കാറുണ്ട്.

പരിചയ സമ്പന്നരായ ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. ഫോൺ: 0495-2741385, 9400058020, 9847134970.

മൊബൈൽ ദൂഷ്യങ്ങൾ

പഠനത്തിൽ ഉഴപ്പ്

തലച്ചോറിന്റെ പ്രവർത്തനം താറുമാറാകും

കള്ളം പറയാനുള്ള പ്രവണത

വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ

ശ്രദ്ധക്കുറവ്, താല്പര്യമില്ലായ്മ

മറ്റുള്ളവരുമായി ഇടപെടാൻ താല്പര്യക്കുറവ്

കുഞ്ഞുങ്ങൾ ഹൈപ്പർ ആക്ടീവാകും

''ഇ-മോചൻ ക്ളിനിക്ക് ഒരു വർഷം 300ലേറെപേരെ ഇന്റർനെറ്റ്, മൊബൈൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കുന്നു. ക്ളിനിക്ക് എല്ലാ ജില്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും

-ഡോ.സന്ധീഷ്,

സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ഇ-മോചൻ ക്ളിനിക്ക്

''കൊവിഡ് കാലത്ത് കുട്ടികൾക്ക് മൊബൈൽ നൽകിയതോടെ ഒരു തലമുറയുടെ ഭാവിയും ക്രിയാത്മകതയുമാണ് നഷ്ടമായത്

-ചന്ദ്രദാസ് കേശവപിള്ള,

സാമൂഹ്യ പ്രവർത്തകൻ