
ചേർത്തല: ദേശീയപാത നിർമ്മാണ കരാർ കമ്പിനിയുടെ ചെറുവാരണത്ത് പ്രവർത്തിക്കുന്ന ക്യാമ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മാലിന്യ നിർമ്മാർജ്ജ സംവിധാനങ്ങളൊന്നു മില്ലാതെയാണ് ക്യാമ്പ് പ്രവർക്കുന്നതെന്നാണ് ആക്ഷേപം.140 ഓളം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് കഞ്ഞിക്കുഴി പഞ്ചായത്ത് 5-ാം വാർഡിലാണ് പ്രവർത്തിക്കുന്നത്.ഇവിടെ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സമീപത്തെ വീടുകിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്.തുറസായയിടങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നതോടെ ഇവിടുത്തെ പരമ്പരാഗത ജലസ്രോതസുകളെല്ലാം മലിനമായിരിക്കുകയാണ്.ദുർഗന്ധം പരക്കുന്നതോടെ സമീപവാസികൾക്ക് മാത്രമല്ല യാത്രക്കാർക്കും കനത്ത ദുരിതമാണ് ഉണ്ടാക്കുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം സ്ഥലത്ത് പരിശോധന നടത്തി കരാർ കമ്പനിക്ക് നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
........
 പ്രതിഷേധവുമായി സി.പി.എം ചെറുവാരണം ലോക്കൽ കമ്മിറ്റി
നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്ന മാലിന്യ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ചെറുവാരണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഗീത അദ്ധ്യക്ഷത വഹിച്ചു.എൽ.സി.സെക്രട്ടറി എൻ.കെ.നടേശൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,സി.പി.ദിലീപ്,ആർ.അശ്വിൻ,കെ.സുരജിത്ത്,സുധാ സുരേഷ്,ടി.പി.കനകൻ,എസ്.ജോഷിമോൻ എന്നിവർ സംസാരിച്ചു.