ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിനോടനുബന്ധിച്ച് ഇലക്ട്രിക് ലൈനുകൾ അഴിച്ചുമാറ്റുന്നതിനും പുനസ്ഥാപിക്കുന്നതിനുമായി കെ.എസ്.ഇ.ബി നൽകിയ ഡിമാന്റ് നോട്ടീസ് പ്രകാരം കഴിഞ്ഞവർഷത്തിനേക്കാൾ നൂറ് ശതമാനം വർദ്ധനവ് ഉണ്ടായെന്ന് ക്ഷേത്രഭരണസമിതി പരാതി നൽകി. കൊല്ലം ഇലക്ട്രിക്കൽ സെഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർക്കാണ് പരാതി നൽകിയത്. കരുനാഗപ്പള്ളി, ഓച്ചിറ, കൃഷ്ണപുരം, കായംകുളം സെക്ഷനുകൾക്കായി കഴിഞ്ഞ വർഷം 20,21,539 രൂപ അടച്ചപ്പോൾ ഈവർഷം 42,84,927 രൂപ അടക്കേണ്ടിവന്നു. ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന ആഘോഷങ്ങൾക്ക് ഇത്തരത്തിൽ പണം അടക്കേണ്ടിവരുന്നത് ഓച്ചിറയിൽ മാത്രമാണെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രയാർ ജംഗ്ഷന് കിഴക്ക് 33കെ.വി ലൈൻ അണ്ടർഗ്രൗണ്ട് ആക്കുന്നതിന് 492,670 രൂപ മുൻകൂറായി നൽകിയിരുന്നു. കൂടാതെ കെ.എസ്.ഇ.ബി ഓച്ചിറ ഓഫീസിന് സമീപം ഒരു കെട്ടുകാള മറിഞ്ഞതിൽ 87,679രൂപ നഷ്ടം ഉണ്ടായെന്നും ഇത് ക്ഷേത്രഭരണസമിതി അടക്കണമെന്ന് കാട്ടി ഡിമാന്റ് നോട്ടീസും നൽകി. ഉത്സവത്തിന്റെ ഭാഗമായി ജില്ലാഭരണകൂടവും വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളും ചേർന്ന യോഗത്തിൽ കെട്ടുകാള നിർമ്മാണസമിതികൾ ഇൻഷുറൻസ് എടുക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ പലതരത്തിൽ പരബ്രഹ്മക്ഷേത്രത്തിന്റെ പണം അപഹരിച്ച് എടുക്കുന്ന കെ.എസ്.ഇ.ബി നടപടി പുനരിശോധിച്ച് അധികമായി ഈടാക്കിയിട്ടുള്ള തുക തിരികെ നൽകണമെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ നൽകിയ പരാതിയിൽ പറയുന്നു.

..........

 കെട്ടുകാളകളുടെ ഉയരം നിയന്ത്രിക്കണം

കെട്ടുകാള നിർമ്മാണസമിതികൾ മത്സര ബുദ്ധിയോടെ കെട്ടുകാളകളുടെ ഉയരം കൂട്ടുന്നതിനാൽ നിരവധി എൽ.ടി, എച്ച്.ടി ലൈനുകൾ അഴിക്കേണ്ടിവരുകയും ഇതുമൂലം പൊതുജനങ്ങൾക്ക് സമയബന്ധിതമായി വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ കാലം താമസം നേരിടുന്നുണ്ട്. ജീവനക്കാർക്ക് കടുത്ത മാനസിക സമ്മർദ്ദവും സുരക്ഷാഭീഷണിയും ഉണ്ടാകുകയും ചെയ്യുന്നതായി കെ.എസ്.ഇ.ബി അധികൃതർ ക്ഷേത്രഭരണസമിതിക്ക് നൽകിയ കത്തിൽ പറയുന്നു. കെട്ടുകാള മറിഞ്ഞ് 11 കെ.വി പോസ്റ്റിലേക്കും അനുബന്ധ ലൈനുകളിലേക്കും വീണതുതുമൂലം 87,680 രൂപ നഷ്ടം ഉണ്ടായെന്നും കത്തിൽ പറയുന്നു.