ആലപ്പുഴ : തുറമുഖ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തെ തുടർന്ന് ജലയാനങ്ങളുടെ രേഖകൾ കണ്ടെത്തുന്നതിനുള്ള പരിശോധന നിലച്ചിട്ട് ഒരുമാസം പിന്നിടുന്നു. പരിശോധനക്ക് ഉദ്യോഗസ്ഥർ ഇല്ലാത്തത് സഞ്ചാരികളുടെ ജീവൻ പൊലിയുന്നതിന് ഇടയാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച കോട്ടയം സ്വദേശി രാജീവ് രാഘവന്റെ ജീവൻ പൊലിഞ്ഞതാണ് അവസാനത്തെ ദുരന്തം. തുറമുഖ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തോടൊപ്പം ജില്ലാപൊലീസ് മേധാവിയുടെ സ്ഥലംമാറ്റവും പരിശോധന നിലയ്ക്കാൻ കാരണമാണ്. താനൂർ ദുരന്തത്തെ തുടർന്ന് ആരംഭിച്ച ജലയാനങ്ങളുടെ രേഖകൾ കണ്ടെത്തുന്നതിനുള്ള പരിശോധന നിലച്ചതോടെ ഹൗസ് ബോട്ട് ജീവനക്കാർ തോന്നിയ പോലെയാണ് സർവീസ് നടത്തുന്നത്. ഹൗസ്ബോട്ടുകളിൽ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിർദ്ദേശം പാലിക്കാൻ ചില ബോട്ടുടമകൾ മടിക്കുന്നത് കായൽ സഞ്ചാര മേഖലയ്ക്ക് പേരുദോഷമുണ്ടാക്കുന്നുണ്ട്. അപകടം വർദ്ധിച്ചതോടെ പൊലീസിന്റെ സഹായത്തോടെ തുറമുഖ വകുപ്പ് പരിശോധന കർശനമാക്കിയത് രേഖകൾ ഇല്ലാതെ സർവീസ് നടത്തുന്ന ബോട്ടുകളുടെ ഉടമകൾക്ക് തിരിച്ചടിയായിരുന്നു. കാലപ്പഴക്കം ചെന്ന ഹൗസ് ബോട്ടുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നത്. കപ്പാസിറ്റിയിൽ കൂടുതൽ സഞ്ചാരികളെ കയറ്റിയുള്ള യാത്ര അപകട ഭീഷണി ഉയർത്തുന്നു.വേമ്പനാട്ട് കായലിൽ 1500ൽ അധികം ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും 800ഓളം ബോട്ടുകൾക്ക് മാത്രമാണ് ആവശ്യമായ രേഖകളുള്ളത്.
......
#വാടക തോന്നുംപടി
സഞ്ചാരികളുടെ തിരക്കേറുമ്പോൾ ഹൗസ്‌ബോട്ട് മേഖലയിൽ ചൂഷണവും പതിവാണ്. നിശ്ചിത നിരക്ക് മാറ്റിവച്ച് ഒരാൾക്ക് 750 മുതൽ 1000 രൂപ വരെ ചില ബോട്ടുകാർ വാങ്ങാറുണ്ട്. മൂന്ന് കിടപ്പുമുറികളുള്ള ഹൗസ് ബോട്ട് 31,000 രൂപയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സവാരി നടത്തിയത്. സാധാരണ നിലയിൽ ഇവയ്ക്ക് 14000 രൂപയേ ഈടാക്കാറുള്ളൂ. ഇടനിലക്കാരായവർ സഞ്ചാരികളെ പാട്ടിലാക്കി കൂടുതൽ തുക ഈടാക്കുകയാണ് പതിവ്.