
അമ്പലപ്പുഴ: തോട്ടപ്പള്ളി മുതൽ പുന്നപ്ര വരെ തീരത്ത് കള്ളക്കടൽ രൂക്ഷമായി. നാലോളം വീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ചൊവ്വാഴ്ച രാത്രി മുതൽ തീരത്ത് തുടങ്ങിയ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്. പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് തീരങ്ങളിൽ കൂറ്റൻ തിരമാലകൾ കരയിലേക്ക് ശക്തമായി അടിച്ചുകയറുകയാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ സുരേന്ദ്രൻ, അശോകൻ, ഭാർഗവൻ, ദിവാകരൻ എന്നിവരുടെ വീടുകളാണ് കടൽക്ഷോഭത്തിൽ പൂർണമായി തകർന്നത്. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ഇവർ വീടുകളിൽ നിന്ന് താമസം മാറ്റിയിരുന്നതിനാൽ ആളപായമുണ്ടായില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13, 14, 15 വാർഡുകളിലെ 25 ഓളം വീടുകളിൽ വെള്ളം കയറി. പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. പതിനാലാം വാർഡ് സുബി വെള്ളം തെങ്ങ്, സാജു, സാബു, രാജേഷ് പുതുവൽ, ശശിധരൻ തെക്കേ വീട്, സജീവൻ വെള്ളം തെങ്ങ്, ശിശുപാലൻ പുതുവൽ, ചിത്രാ രാജൻ പാലച്ചുവട്ടിൽ, ഗോപി, പതിമൂന്നാം വാർഡിൽ മധു പുതുവൽ, സനീഷ് പുതുവൽ, രത്നാകരൻ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
തീരം പകർച്ചവ്യാധി ഭീതിയിൽ
പുറക്കാട് പഞ്ചായത്ത് 18, 1 വാർഡുകളിലെ 50 ഓളം വീടുകളിലും വെള്ളം കയറി.വാസുക്കുട്ടി പുതുവൽ, ബാബു, ഇന്ദിര, സലാം, സരള, രതി, രാധാകൃഷ്ണൻ ,അലീമ, പ്രശോഭൻ തുടങ്ങിയവരുടെ വീടുകളിൽ കടൽ വെള്ളം കയറി. മലിനജലവും മാലിന്യവും കലർന്ന് പ്രദേശത്ത് ദുർഗന്ധവും രൂക്ഷമാണ്. പകർച്ചവ്യാധി പടരുമോ എന്ന ഭീതിയിലാണ് തീരം. മുന്നറിയിപ്പുണ്ടായിരുന്നതിനാൽ മത്സ്യതൊഴിലാളികൾ വള്ളങ്ങൾ ഇറക്കിയില്ല. കൂടുതൽ വീടുകളെ കടൽ കവരുമോഎന്ന ഭീതിയിലാണ് തീരദേശവാസികൾ. ഉറക്കമിളച്ച് കലി തുള്ളുന്ന കടലിലേക്ക് നോക്കിയിരിക്കുകയാണ് മത്സ്യതൊഴിലാളികൾ.