കായംകുളം: കായംകുളത്ത് ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്നത് ചില മാഫിയ സംഘങ്ങളാണെന്ന് ജനകീയ സമരസമിതി ആരോപിച്ചു.ഉയരപ്പാത നേടിത്തരുമെന്ന് ജനങ്ങൾ വിശ്വസിച്ച നിലവിലെ എം.പി. മറ്റ് പ്രദേശങ്ങളിൽ അനുവദിക്കപ്പെട്ട ഉയരപ്പാത നീട്ടുന്നതിന് അനുമതി വാങ്ങുമ്പോൾ കായംകുളം അവഗണനയുടെചതിക്കുഴിയിലാണ്. കായംകുളത്ത് ഒഴികെ മറ്റ് സ്ഥലങ്ങളിൽ വേണ്ടത് ചെയ്യാമെന്നതാണ് ദേശീയപാതാ അധികൃതരുടെ നിലപാടെന്ന എം.പിയുടെ വിശദീകരണം കായംകുളത്തെ വികസനത്തിന് എതിരെ ഗൂഢസംഘം പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ്.

കളക്ടറേറ്റിലെ യോഗ തീരുമാനം കായംകുളം ജനതയുടെ എം.പിയിലുള്ള പ്രതീക്ഷ ഇല്ലാതാക്കുകയാണ്. സമരസമിതി ഹൈക്കോടതിയിൽ നൽകിയ രണ്ട് ഹർജികളിലും നിയമം ലംഘിച്ചുള്ള നിർമ്മാണം ചൂണ്ടികാട്ടിയിട്ടുണ്ട്.

അടുത്ത ദിവസം നടക്കുന്ന പി.എ.സി. യോഗം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. സമരസമിതി ഭാരവാഹികളായ ദിനേശ് ചന്ദന,ഹരിഹരൻ, എ.അബ്ദുൽ ഹമീദ്, അജീർ യൂനുസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.