
ഹരിപ്പാട്: ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷം. അപ്രതീക്ഷിത കള്ളക്കടൽ പ്രതിഭാസമാണ് നാശം വിതച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ആരംഭിച്ച കടലാക്രമണം ഇപ്പോഴും തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് മണ്ണിനടിയിലായി. വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ഗതാഗതം ഭാഗികമായി മുടങ്ങി. നിരവധി വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ പഞ്ചായത്തിൽ പെരുമ്പള്ളി മുതൽ മംഗലം വരെയും തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മൂത്തേരി ജംഗ്ഷൻ മുതൽ ചേലക്കാട് പാനൂർ വരെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം ജനജീവിതം ദുരിതത്തിലാക്കിയത്. ശക്തമായി അടിച്ചു കയറിയ തിരമാലകൾ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ഏറെ ദൂരം കിഴക്കോട്ടൊഴുകി. എ.സി പള്ളി മുതൽ കാർത്തിക ജംഗ്ഷൻ വരെയുള്ള ഭാഗത്തും, തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ റോഡ് മണ്ണിനടിയിലായി. ഇതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ബസ് സർവീസുകൾ പലതും പാതി വഴിയിൽ അവസാനിപ്പിച്ചു.
തീരവാസികൾ റോഡ് ഉപരോധിച്ചു
കടൽഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തീരവാസികൾ റോഡ് ഉപരോധിച്ചു. പാനൂർ വാട്ടർ ടാങ്ക് ജംഗ്ഷനിലാണ് റോഡിലായിരുന്നു ഉപരോധം. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസ് എത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ കാർത്തികപ്പള്ളി തഹസിൽദാർ സജീവ് കുമാർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. പഞ്ചായത്തിലെ 12, 13 വാർഡുകളിലെ കടലാക്രമണ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കുള്ളിൽ യോഗം ചേരുമെന്ന ഉറപ്പ് നൽകി. മുദ്രപത്രത്തിൽ നാട്ടുകാർ ഉറപ്പ് എഴുതി വാങ്ങിയ ശേഷമാണ് ഉച്ചക്ക് രണ്ടു മണിയോടെ സമരം അവസാനിപ്പിച്ചത്. ചേലക്കാട് ഭാഗത്തും നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.