
ആലപ്പുഴ: നഗരത്തിലെ മുപ്പാലം നാൽപ്പാലമാക്കുന്ന ജോലികൾ അവസാഘട്ടത്തിലേക്ക്. പാലങ്ങളുടെ മദ്ധ്യഭാഗത്തെ റൗണ്ടോടെയാണ് നടപ്പാതയോടെയുള്ള നിർമ്മാണം പൂർത്തിയാക്കിയത്. ടാറിംഗ് ഉൾപ്പെടെയുള്ള അവസാനവട്ട ജോലികൾ പൂർത്തിയാക്കി പുതുവർഷത്തിൽ നാടിന് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്. വാടക്കനാൽ, കോമേഴ്‌സ്യൽ കനാലുകളെ ബന്ധിപ്പിക്കുന്ന ഉപ്പൂറ്റി കനാലിലെ മുപ്പാലമാണ് ഇപ്പോൾ നാൽപ്പാലമാകുന്നത്. രാജഭരണ കാലത്ത് നിർമ്മിച്ച മുപ്പാലം. ജില്ലാപൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിലാണ് നാല്പാത്തിന്റെ നിർമ്മാണം. ജി.സുധാകരൻ മന്ത്രിയായിരിക്കെ മുൻകൈയെടുത്താണ് പദ്ധതി തയ്യാറാക്കിയത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല.
നീണ്ടത് നാലുവർഷത്തിലേറെ
1.ഒരുവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച നിർമ്മാണമാണ് പലവിധ കാരണങ്ങളാൽ നാലു വർഷത്തിലേറെ നീണ്ടത്. സാമ്പത്തിക പ്രതിസന്ധികാരണം കഴിഞ്ഞ ഒരുവർഷമായി നിർമ്മാണം മന്ദഗതിയിലായിരുന്നു.
2.പാർട്ട് ബില്ലിന് സർക്കാർ പണം നൽകാൻ വൈകിയത് കരാറുകാരൻ പണിയുടെ വേഗകുറച്ചത് പദ്ധതി പൂർത്തീകരണം വൈകാൻ ഇടയാക്കി. രണ്ടരമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം
3. മുപ്പാലത്തിന് 7.5 മീറ്റർ വീതിയും 23 മീറ്റർ നീളവുമാണ് ഉണ്ടായിരുന്നത്. ഇതേ നീളത്തിലും 11 മീറ്റർ വീതിയിലാണ് പാലം പുനർനിർമ്മിക്കുന്നത്. പഴയ മൂന്ന് പാലങ്ങളെ ബന്ധിപ്പിച്ച് 26 മീറ്റർ നീളത്തിലാണ് നാലാം പാലം നിർമ്മിക്കുന്നത്
ബാക്കിയുള്ളത്
കൈവരികൾ
നടപ്പാത
അപ്രോച്ച് റോഡ്
ടാറിംഗ്
പെയിന്റിംഗ്
വൈദ്യുതികരണം
ജനുവരിക്ക് മുമ്പ് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വേഗത്തിൽ പാലം പണിപൂർത്തിയാക്കാൻ ആലപ്പുഴ, അമ്പലപ്പുഴ എം.എൽ.എമാർ സജീവമായ ഇടപെടൽ നടത്തുന്നുണ്ട്
രാധാകൃഷ്ണൻ, അസി.എൻജിനിയർ, പൊതുമരാമത്ത് പാലം വിഭാഗം, ആലപ്പുഴ
നാൽപ്പാലം
ചെലവ്: 17.44 കോടി
മൂന്ന് പാലങ്ങൾ
നീളം: 23 മീറ്റർ വീതം
വീതി: 7.5മീറ്റർ
നാലാം പാലം
നീളം: 26 മീറ്റർ വീതം
വീതി: 11മീറ്റർ