
ആലപ്പുഴ : സംസ്ഥാന വൈദ്യുതി ബോർഡ് പുതിയതായി രൂപീകരിച്ച തർക്കപരിഹാര സമിതിയുടെ ഉദ്ഘാടന വേദിയിൽ പഞ്ചായത്തംഗത്തിന്റെ പരാതി പ്രതിഷേധം.
കെ.എസ്.ഇ.ബിയുടെ ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിലെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഐ.ജി.ആർ.സിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
മാരാരിക്കുളം തെക്ക്പഞ്ചായത്തിലെ 8-ാം വാർഡ് അംഗമായ ടി.പി.ഷാജിയാണ് കെ.എസ്.ഇ.ബിയിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതി ഉദ്ഘാടകനായ എച്ച്.സലാം എം.എൽ.എയോട് തുറന്നു പറഞ്ഞത്.
പഞ്ചായത്തിലെ നിരവധി വീട്ടുകാർക്ക് ബുദ്ധിമുട്ടും ഭയവും ജനിപ്പിക്കുന്ന 11കെ.വി ലൈൻ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുമായി ഒന്നര വർഷമായി കെ.എസ്.ഇ.ബി യുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ് ടി.പി.ഷാജി. കളത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ദേശീയ പാതയിലേക്ക് കടന്നുപോകുന്ന 11 കെ.വി ലൈൻ അഴിച്ചു മാറ്റണമെന്ന് തർക്കപരിഹാര ഫോറം (സി.ജി.ആർ.എഫ് )
ഉത്തരവിടുകയും വൈദ്യുതി വിതരണത്തിന് പകരം സംവിധാനം നിർദേശിക്കുകയും ചെയ്തിരുന്നു. ഇത് നടപ്പാക്കാത്തതാണ് പ്രതിഷേധം ഉയർത്താൻ ഗ്രാമ പഞ്ചായത്തംഗത്തെ പ്രേരിപ്പിച്ചത്.
സി.ജി.ആർ.എഫിന്റെ വിധി പരിശോധിച്ച് പരിഹാരത്തിന് ശ്രമിക്കാമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ സ്മിത മാത്യു പഞ്ചായത്തംഗത്തിന് ഉറപ്പ് നൽകി. പരിഹാരമായില്ലെങ്കിൽ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് എച്ച്.സലാമും
ഉറപ്പ് നൽകി.