ആലപ്പുഴ: പൊതു സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനായി ആവിഷ്ക്കരിച്ച പിങ്ക് പൊലീസീന് ഇന്ന് ഡ്യൂട്ടി സ്ത്രീസുരക്ഷയിൽ ഒതുങ്ങുന്നില്ല. , മയക്കുമരുന്ന്, സമരങ്ങൾ തുടങ്ങി എല്ലാ കേസുകളും കൈകാര്യം ചെയ്യുന്നുണ്ട്.

പക്ഷേ ജില്ലയിലെ ഒന്നാം നമ്പർ പിങ്ക് പൊലീസായ ടൗൺ പിങ്കിന് സ്വന്തമായി ഒരു കൺട്രോൾ റൂം പോലുമില്ല. ആലപ്പുഴയിൽ പിങ്ക് പൊലീസിന്റെ സേവനം ആരംഭിച്ച കാലയളവിൽ വനിതാ സെല്ലിന് കീഴിലായിരുന്നു ഉൾപ്പെടുത്തിയിരുന്നുത്. ആദ്യ മൂന്ന് വർഷങ്ങളിൽ പിങ്ക് പൊലീസ് കൺട്രോൾ ഓഫീസും പ്രവർത്തിച്ചിരുന്നു. പിന്നീട് ലോ ആൻഡ് ഓർഡർ ഡിവൈ.എസ്.പി ഓഫീസിന് കീഴിലായി പ്രവർത്തനം. ഇതോടെ പിങ്കിന് മാത്രമായുണ്ടായിരുന്ന കൺട്രോൾ റൂമും സൗകര്യങ്ങളും നഷ്ടമായി. രാവിലെ ഡ്യൂട്ടിക്കെത്തുന്ന ഓരോ ഉദ്യോഗസ്ഥരും വനിതാ പൊലീസ് സ്റ്റേഷനെ ആശ്രയിച്ചാണ് വസ്ത്രങ്ങൾ മാറുന്നത്. ശേഷം ഡിവൈ.എസ്.പി ഓഫീസിലെത്തി ഒപ്പിട്ട് ജോലിക്ക് കയറും. ആലപ്പുഴ സൗത്ത്, നോർത്ത്, വനിതാ പൊലീസ് സ്റ്റേഷൻ പരിധികളിലായി നീളുന്നു ഡ്യൂട്ടി.


വാഹനം കട്ടപ്പുറത്താകാത്തത് ഭാഗ്യം

 ഡ്യൂട്ടി സമയത്തിന്റെ ഭൂരിഭാഗവും ഉദ്യോഗസ്ഥർ ചെലവഴിക്കേണ്ടി വരുന്നത് വാഹനത്തിലാണ്

 ഭക്ഷണം കഴിക്കാൻ പോലും ആശ്രയം ഇതേ വാഹനമാണ്

 വസ്ത്രം മാറാൻ ആശ്രയം വനിതാ പൊലീസ് സ്റ്റേഷൻ

 ബോട്ട് ജെട്ടിക്ക് സമീപത്തെ പൊലീസ് ഏയ്ഡ് പോസ്റ്റ് അടച്ചതോടെ ദുരിതമേറി

 വ്യാപാര സ്ഥാപനങ്ങളുടെ അനുമതിയോടെ അവരുടെ ബാത്ത്റൂമുകൾ ഉപയോഗിക്കും

കള്ളപ്പരാതിക്ക് പിന്നാലെ ഓടണം

നഗരത്തിൽ ഒരു ദിവസം മൂന്ന് പേർ എന്ന നിലയിൽ ആകെ ആറ് ഉദ്യോഗസ്ഥരാണ് പിങ്ക് പൊലീസിലുള്ളത്. ഒരു എ.എസ്.ഐയും രണ്ട് സി.പി.ഒമാരുമാണ് ഡ്യൂട്ടിക്കുണ്ടാവുക. ഡ്യൂട്ടിക്കിടയിൽ ഏറ്റവും വലയ്ക്കുന്നത് നഗരത്തിൽ വലവിരിച്ചിരിക്കുന്ന സെക്സ് മാഫിയയാണ്. ഹൈക്കോടതി ഉത്തരവിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റിന്റെയും ബലത്തിലാണ് ലൈംഗിക തൊഴിലാളികൾ വിഹരിക്കുന്നത്. പൊതുജനങ്ങൾക്ക് ഇത്തരക്കാർ ശല്യമുണ്ടാക്കുന്ന ഘട്ടങ്ങളിൽ പിങ്ക് പൊലീസ് ഇടപെടും. എന്നാൽ ഇതിനെതിരെ കള്ളപ്പരാതിയുമായി സ്ത്രീ ലൈംഗിക തൊഴിലാളികൾ രംഗത്തെത്തും. ഇത്തരം പരാതികളിൽ മറുപടി നൽകാൻ കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പൊലീസുകാർ കയറിയിറങ്ങേണ്ടിയും വരും.

പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഇറങ്ങിത്തിരിച്ച ശേഷം ലൈംഗിക തൊഴിലാളികളുടെ കള്ളപ്പരാതികൾക്ക് മറുപടിയുമായി കോടതി കയറേണ്ട സാഹചര്യം പോലുമുണ്ടാകുന്നുണ്ട്. ഇത്തരക്കാരെ സഹായിക്കാൻ കച്ചവടക്കാരുൾപ്പടെ വലിയ സംഘമുണ്ട് നഗരത്തിൽ

- പിങ്ക് പൊലീസ്