അമ്പലപ്പുഴ: ദേശീയ പാതയിൽ പായൽകുളങ്ങരയിൽ ഉയരപ്പാത നിർമ്മിക്കുക അല്ലെങ്കിൽ അമ്പലപ്പുഴയിലെ ഉയരപ്പാത പായൽക്കുളങ്ങര വരെ നീട്ടുക എന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും.

24 ന് രാവിലെ 9ന് പായൽക്കുളങ്ങരയിൽ നടക്കുന്ന ഉപവാസത്തിൽ ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് ജനകീയ സമിതി ചെയർമാൻ എ.എസ്.സുദർശനൻ, കൺവീനർ എം.ടി.മധു, ജോയിന്റ് കൺവീനർ എ.സലിം, ജമാലുദീൻ എന്നിവർ പറഞ്ഞു. ചെല്ലാനം - തോട്ടപ്പള്ളി തീരദേശ ഹൈവേ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പായൽകുളങ്ങരയിൽ അടിപ്പാത നിർമ്മിക്കുമെന്ന ഉറപ്പ് പാലിച്ചില്ല. അമ്പലപ്പുഴയിലെ ഉയരപ്പാത പായൽകുളങ്ങര വരെയെന്ന ആദ്യ അലൈന്റ്മെന്റിലും മാറ്റം വരുത്തി. പ്രസിദ്ധമായ പായൽകുളങ്ങര ശ്രീദേവി ക്ഷേത്രം ഉൾപ്പെടെ 20 ൽ പരം ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും സ്ഥിതി ചെയ്യുന്ന കരൂർ - പായൽകുളങ്ങര പ്രദേശത്തിന്റെ പ്രാധാന്യം പരിഗണിക്കാതെ സമീപ പ്രദേശങ്ങളിലെല്ലാം വി.ഐ.പി പരിഗണന നൽകി സ്വാധീനങ്ങൾക്ക് വഴങ്ങി അടിപ്പാതകളും ഉയരപ്പാതകളും നിർമ്മിക്കുകയാണെന്നും അവർ ആരോപിച്ചു.