
ആലപ്പുഴ: മഹിളാ അസോസിയേഷൻ നേതാവായ യുവതിയുടെ പീഡന പരാതിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം.ഇക്ബാലിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. മഹിളാ അസോസിയേഷൻ ഏരിയാകമ്മിറ്റി അംഗമാണ് പരാതിക്കാരി.
2023 ആഗസ്റ്റിലാണ് സംഭവം. കമ്മിറ്റിക്കുശേഷം ഓഫീസിന് പുറത്ത് ഭർത്താവിനെ കാത്ത് നിൽക്കുകയായിരുന്ന യുവതിയോട് ഇക്ബാൽ അകത്തുകയറി ഇരിക്കാൻ ആവശ്യപ്പെട്ടു. കസേരയിൽ ഇരുന്ന യുവതിയെ പിന്നിലൂടെയെത്തി കയറിപ്പിടിച്ചെന്നും കുതറിയോടാൻ ശ്രമിച്ചപ്പോൾ വീണ്ടും കടന്നുപിടിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
ഇയാൾക്കെതിരെ സി.പി.എം സംസ്ഥാന, ജില്ലാനേതൃത്വങ്ങൾക്ക് യുവതി പരാതി നൽകിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗത്തെ അന്വേഷണ കമ്മിഷനായി വച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം നടന്ന ലോക്കൽ സമ്മേളനത്തിൽ ഇക്ബാലിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. തുടർന്നാണ് യുവതി പരാതിയുമായി എത്തിയത്. ഡി.വൈ.എഫ്.ഐ മുൻ ജില്ലാപ്രസിഡന്റ് കൂടിയാണ് ഇക്ബാൽ.