ആലപ്പുഴ : പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ നടക്കുന്ന കുട്ടനാട്ടിൽ വിത്തിന്റെ ഗുണനിലവാരം ചോദ്യചിഹ്നമാകുന്നു. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിൽ കഴിഞ്ഞദിവസം വിതരണത്തിനെത്തിച്ച വിത്തിൽ ചെള്ളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.

ഇരുപത് ലോഡ് വിത്താണ് ഇവിടേക്ക് ഓ‌ർഡർ ചെയ്തിരുന്നത്. ഇതിൽ മൂന്നുലോഡ് കർണാടകയിൽ നിന്നെത്തിച്ചപ്പോഴാണ് ചെള്ളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. പാടശേഖരസമിതികൾ മുഖേന കൃഷിവകുപ്പാണ് സൗജന്യമായി വിത്ത് വിതരണം ചെയ്യുന്നത്. ഡിസംബർ 20ന് മുമ്പായി പാടങ്ങളും 30ന് മുമ്പായി കായൽനിലങ്ങളും വിതച്ചുതീരണമെന്നിരിക്കെ, കാർഷിക സർവകലാശാലയിൽ നിന്ന് കൃഷി വകുപ്പ് ഓർഡർ ചെയ്ത 294 ടൺ മനുരത്ന വിത്ത് ലഭിക്കില്ലെന്ന് ഉറപ്പായി. ഇതിന് പകരം വിത്ത് ലഭ്യമാക്കേണ്ടതുണ്ട്. വിത്തുംവിതയും വൈകിയാൽ കഴിഞ്ഞ പുഞ്ചകൃഷി സീസൺപോലെ മഴയും ഉഷ്ണതരംഗവും വിളവിനെ ബാധിക്കും. വർഷങ്ങളായി ഉപയോഗിച്ചുവന്ന ഉമയ്ക്ക് പകരം പൗർണമി, മനുരത്ന തുടങ്ങിയഇനങ്ങൾ പരീക്ഷിക്കാൻ കർഷകർ തീരുമാനിച്ചിരിക്കെയാണ് വിത്ത് ക്ഷാമം പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തുന്നത്.

ചതിക്കുന്നത് അന്യസംസ്ഥാനങ്ങളിലെ വിത്ത്

1. കർണാടക ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിത്തിന് ഗുണനിലവാരം കുറവെന്ന് കർഷകർ

2.വരിനെല്ലുൾപ്പെടെ കളകളുടെയും കവടകളുടെയും ശല്യംവർദ്ധിച്ചത് പുറത്തുനിന്ന് വിത്തുകൾ എത്തിച്ച് തുടങ്ങിയശേഷമാണ്

3.കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ പാടങ്ങളിൽ കണ്ടിട്ടില്ലാത്ത കളകളാണ് കുട്ടനാട്ടിലെ പാടങ്ങളിൽ ഇപ്പോൾ കണ്ടുവരുന്നത്

4.വെള്ളംകെട്ടി നിർത്തിയാലോ സാധാരണ കളനാശിനികൾകൊണ്ടോ നശിക്കാത്ത കളകളാണ് ഇപ്പോൾ ഭീഷണി

5.കേരളത്തിൽ നിന്ന് ഗുണനിലവാരമുള്ള വിത്ത് സംഭരിക്കാൻ കൃഷി വകുപ്പ് തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം

കൃഷിവകുപ്പ് ഓർഡ‌‌ർ ചെയ്ത വിത്ത്

(ഇനം,അളവ്, എവിടെനിന്ന് )

 ജ്യോതി : 146.11 ടൺ (നാഷണൽ സീഡ് കോർപ്പറേഷൻ)

 മനുരത്ന : 25.6 ടൺ (കാർഷിക സർവകലാശാല)

 ഉമ: 1579 ടൺ (സീഡ് അതോറിട്ടി)

വിത്തിന് വില കൂടും

കൃഷിവകുപ്പ് വിതരണം ചെയ്തില്ലെങ്കിൽ വിത്തിന്റെ വില കുതിച്ചുയരും. നിലവിൽ ഒരു കിലോ വിത്തിന് പരമാവധി 45 രൂപയാണ് വില. ഒരു ഏക്കറിന് 40 കിലോ വിത്താണ് കൃഷിവകുപ്പ് നൽകുന്നത്. ഹെക്ടറിന് 100 കിലോ വിത്ത് വേണമെന്നാണ് കണക്ക്. കഴിഞ്ഞസീസണിൽ 32000 ഹെക്റിലായിരുന്നു പുഞ്ച കൃഷി .

വിത്തിന്റെ ഗുണനിലവാരത്തിൽ നിഷ്കർഷയില്ലാത്ത സർക്കാർ നെല്ല് സംഭരണത്തിൽ ഗുണനിലവാരം കാത്ത് സൂക്ഷിക്കാൻ നിർബന്ധിക്കരുത്. വിത്തും വിതയും വൈകിയാൽ പുഞ്ചകൃഷി വിളവെടുപ്പ് സീസണിൽ മുൻ വർഷത്തെപ്പോലെ ഉഷ്ണതരംഗവും വേനൽമഴയും ഭീഷണിയാകും

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി