ആലപ്പുഴ: നിർദ്ദിഷ്ട കോടതിപ്പാലം നവീകരണ പദ്ധതിയുടെ ഭാഗമായി മാതാ ബോട്ട് ജെട്ടിയിലെ താത്കാലിക ബോട്ട് ജെട്ടി നിർമ്മാണം യൂണിയൻ തർക്കത്തിൽ ഇന്നലെയും മുടങ്ങി. പ്രശ്‌ന പരിഹാരത്തിന് യൂണിയൻ നേതാക്കളും കരാർ കമ്പനി പ്രതിനിധികളും

തമ്മിൽ ഇന്ന് ചർച്ച നടത്തും. നിർമ്മാണത്തിൽ പ്രാദേശികമായി യൂണിയൻ തൊഴിലാളികൾക്ക് കൂടി ജോലി നൽകണമെന്ന ആവശ്യം കരാർ കമ്പനി നിരാകരിച്ചതാണ്

നിർമ്മാണം തടസപ്പെടുത്തിയുള്ള സമരത്തിലേക്ക് നീങ്ങാൻ കാരണം.

കഴിഞ്ഞദിവസം നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി ഉൾപ്പെടെ തൊഴിലാളികൾ തടഞ്ഞിരുന്നു. പൊലീസ് ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ്

വെള്ളിയാഴ്ചയും നിർമ്മാണം യൂണിയൻകാർ തടസപ്പെടുത്തിയത്. താത്കാലിക ബോട്ട് ജെട്ടിക്കായി പ്ളാറ്റ് ഫോമുകളുടെ ഫൗണ്ടേഷന്റെയും കോൺക്രീറ്റ് ബെൽറ്റുകളുടെയും നിർമ്മാണമാണ് ആരംഭിച്ചത്. ഇതിൽ ഫൗണ്ടേഷന്റെ കോൺക്രീറ്റ് ജോലികളാണ് തടസപ്പെട്ടത്.

കൂലിയെ ചൊല്ലിയും തർക്കം

കരാർ കമ്പനിയുടെ തൊഴിലാളികൾക്കൊപ്പം സി.ഐ.ടി.യു, ബി.എം.എസ് തൊഴിലാളിയൂണിയനുകളിലെ രണ്ടുപേർ ജോലിക്ക് കയറുകയും കൂടുതൽ കൂലി ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് നിർമ്മാണം നിർത്തിവയ്ക്കാൻ കാരണം. കരാർകമ്പനിയുടെ പത്തോളം തൊഴിലാളികളാണ് നിർമ്മാണത്തിനുള്ളത്. ഇവർക്ക് 1000 രൂപയാണ് ദിവസശമ്പളം. എന്നാൽ, യൂണിയൻ തൊഴിലാളികൾക്ക് 1380 രൂപ കൂലി വേണമെന്ന് ശഠിച്ചു. എന്നാൽ, കമ്പനിതൊഴിലാളികളുടത്ര വൈദഗ്ദ്ധ്യമില്ലാത്ത ഇവർക്ക് ഇത്രയും കൂലി നൽകാൻ കഴിയില്ലെന്നും കരാർപ്രകാരം പ്രാദേശികമായി തൊഴിൽ നൽകൽ പ്രായോഗികമല്ലെന്നുമാണ് കരാറുകാരുടെ നിലപാട്.