
മാവേലിക്കര : കോട്ടത്തോടിന് മുകളിലെ തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കാത്തതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇവിടെ ഗതാഗതം നിലച്ചിട്ട് 50 ദിവസം പിന്നിട്ടു. പാൽസൊസൈറ്റി ജംഗ്ഷനിൽ നിന്ന് പുതിയകാവിലേക്കുള്ള ഇടവഴിയാണ് വീപ്പകൾ വച്ച് അടച്ചിരിക്കുന്നത്. ആഗസ്റ്റ് 29നാണ് ഇവിടെ സ്ലാബ് തകർന്നത്.
തോണ്ടലിൽചിറ ഭാഗത്ത് താമസക്കാരായിട്ടുള്ള മുപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്നതാണ് റോഡ് . ഇതുകൂടാതെ മിച്ചൽ ജംഗ്ഷനിലെ തിരക്കിൽപ്പെടാതെ പുതിയകാവിൽ എത്തിച്ചേരാൻ ഇരുചക്രവാഹനയാത്രക്കാരും ഈ ഇടറോഡിനെ ആശ്രയിക്കാറുണ്ട്.
ഓട്ടോ വരെയുള്ള വാഹനങ്ങൾക്ക് പോകാൻ മൂന്ന് പതിറ്റാണ്ട് മുമ്പാണ് കോട്ടത്തോടിന് മുകളിൽ സ്ലാബിട്ട് റോഡ് നിർമ്മിച്ചത്.
കോട്ടത്തോടിന് മുകളിൽ ഇട്ടിരിക്കുന്ന സ്ലാബുകൾ എല്ലാം ഏതാണ്ട് തകർച്ചയുടെ വക്കിലാണ്. നിലവിൽ തകർന്നതിന് തൊട്ടടുത്തുള്ള സ്ലാബുകളും അപകടാവസ്ഥിലാണ്. വാഹനങ്ങൾക്ക് പോകാനായി സ്ലാബിന് മുകളിൽ ടാർ ചെയ്തത് പോലും ഇളകി മാറിയിട്ടുണ്ട്.
വിലങ്ങുതടിയായത് ഉദ്യോഗസ്ഥ - രാഷ്ട്രീയ പോര്
 തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കാൻ 1.40 ലക്ഷം രൂപ നഗരസഭ അനുവദിച്ചിരുന്നു
 നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ സ്ഥലംസന്ദർശിച്ചപ്പോൾ കൗൺസിലറും മുൻസിപ്പൽ എഞ്ചിനിയറും തമ്മിൽ തർക്കമുണ്ടായി
 കൗൺസിലർ മോശമായി സംസാരിച്ചെന്ന് ആരോപിച്ച് ജീവനക്കാർ അടുത്ത ദിവസം സമരവും നടത്തി
 പിന്നീട് നടന്ന കൗൺസിൽ യോഗത്തിൽ സ്ലാബ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു
 എസ്റ്റിമേറ്റ് തയ്യാറാക്കാൻ കൗൺസിൽ നിർദ്ദേശിച്ചെങ്കിലും മുൻസിപ്പൽ എൻജിനിയറെ സ്ഥലം മാറ്റാൻ തീരുമാനിച്ചതിനാൽ
തുടർനടപടിയുണ്ടായില്ല
30: കോട്ടത്തോടിന് മുകളിലെ സ്ളാബുകൾക്ക് 30 വർഷത്തെ പഴക്കം