
ആലപ്പുഴ : അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നഗരത്തിലെ പിങ്ക് പൊലീസ് നട്ടം തിരിയുമ്പോൾ, സൗകര്യങ്ങൾ സജ്ജമാക്കാൻ വിവിധ തലങ്ങളിൽ നിന്ന് കാര്യക്ഷമമായ
ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. വസ്ത്രം മാറാനോ, ഭക്ഷണം കഴിക്കാനോ, വിശ്രമിക്കാനോ പോലും ഇതര സ്റ്റേഷനുകളെയും വ്യാപാര സ്ഥാപനങ്ങളെയുമാണ് പിങ്ക് പൊലീസ് ആശ്രയിക്കുന്നത്.ആഭ്യന്തരവകുപ്പിന് കീഴിൽ വരുന്ന വിഭാഗത്തിന് വേണ്ടി സ്വന്തമായി പദ്ധതികൾ ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പരിമിതികളുണ്ട്. എന്നാലും, തങ്ങളുടെ പരിധിയിൽ വരുന്ന കേന്ദ്രങ്ങളിലടക്കം പിങ്ക് പൊലീസിന് സൗജന്യസേവനം ഉറപ്പു നൽകുകയാണ് ഭരണകൂടങ്ങൾ.
........................................................................................................
ജില്ലാപഞ്ചായത്തിന് കീഴിലുള്ള ജെൻഡർ പാർക്കിൽ പിങ്ക് പൊലീസിന് എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. സാധാരണ പണം ഈടാക്കിയാണ് ജെൻഡർ പാർക്കിൽ സേവനം നൽകുന്നത്. എന്നാൽ, പൊതുജനങ്ങളെ സേവിക്കുന്ന പിങ്ക് പൊലീസിനായി സൗജന്യമായി സൗകര്യങ്ങൾ ഉറപ്പു നൽകുന്നു. ഉദ്യോഗസ്ഥർക്ക് ഏത് സമയവും വസ്ത്രം മാറാനോ, വിശ്രമിക്കാനോ, ബാത്ത് റൂം ഉപയോഗത്തിനോ ജെൻഡർ പാർക്ക് ഉപയോഗിക്കാം
-കെ.ജി.രാജേശ്വരി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
സദാ സമയവും പൊതുജന സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന പിങ്ക് പൊലീസിനായി മുറിയടക്കം സ്ഥിരം സംവിധാനം അത്യാവശ്യമാണ്. പൊലീസ് സ്റ്റേഷനുകളുമായി ചേർന്ന് കൂടുതൽ സംവിധാനങ്ങൾ ഉറപ്പാക്കാൻ സാധിക്കണം
- കെ.കെ.ജയമ്മ, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ
സൗകര്യങ്ങളുടെ നടുവിലാണ് പിങ്ക് പൊലീസ് പ്രവർത്തിക്കുന്നത്. സ്ത്രീ സുരക്ഷയും സ്ത്രീ സൗഹൃദവും മുഖമുദ്രയാക്കിയ തുടങ്ങിയ ഒരു സർക്കാരിന്റെ ഏറ്റവും വലിയ പരാജയത്തിന്റെ കാഴ്ചകയാണിത്. ബഡ്ജറ്റിൽ വകവരുത്തുന്ന തുകകൾ കൃത്യമായി ആഭ്യന്തര വകുപ്പ് വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഓരോ പൊലീസ് സ്റ്റേഷന്റെ കീഴിലും ഹൈവേകളിലും പൊതുനിരത്തുകളിലും പിങ്ക് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കണം. കൃത്യമായി പരിപാലനവും ഉറപ്പു വരുത്തുകയും വേണം.
-ബബിത ജയൻ, ജില്ലാ പ്രസിഡന്റ്, മഹിളാകോൺഗ്രസ്