എസ്.ഡി കോളേജ് ചെയർമാൻ സ്ഥാനം പിടിച്ച് കെ.എസ്.യു

ആലപ്പുഴ: ജില്ലയിൽ കേരള സർവകലാശാല ക്യാമ്പസുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ആധിപത്യം നിലനിർത്തി. മത്സരം നടന്ന 17 ക്യാമ്പസുകളിൽ 15 ഇടത്തും എസ്.എഫ്.ഐ യൂണിയൻ സ്വന്തമാക്കി. ആലപ്പുഴ എസ്.ഡി കോളേജിൽ 24 വർഷങ്ങൾക്ക് ശേഷം കെ.എസ്.യു ചെയർമാൻ സ്ഥാനത്ത് വിജയിച്ചു. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ പിൻതലമുറക്കാൻ കുര്യൻ ജോസഫിലൂടെയാണ് കെ.എസ്.യു വിജയം നേടിയത്.

കായംകുളം എം.എസ്.എം കോളേജിൽ മുഴുവൻ സീറ്റിലും കെ.എസ്.യു വിജയിച്ചു. അമ്പലപ്പുഴ ഗവ കോളേജ് യൂണിയൻ കെ.എസ്.യു നിലനിർത്തി. കഴിഞ്ഞവർഷം നഷ്ടപ്പെട്ട ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ്, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് എന്നിവ കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചു പിടിച്ചു. കായംകുളം ഗുരു നിത്യചൈതന്യയതി കോളേജ് ഓഫ് ലോ ആൻഡ് റിസർച്ച് സെന്റർ കെ.എസ്.യു - എ.ഐ.എസ്.എഫ് സഖ്യത്തിൽ നിന്നും തിരിച്ചു പിടിച്ചു. സെന്റ് മൈക്കിൾസ് കോളേജ് ചേർത്തല, എസ്.ഡി കോളേജ് ആലപ്പുഴ, എസ്.ഡി.വി കോളേജ് ആലപ്പുഴ, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ, ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര, എസ്.എൻ കോളേജ് ചേർത്തല, ടി.കെ.എം.എം കോളേജ് ഹരിപ്പാട്, ബിഷപ്പ് മൂർ കോളേജ് മാവേലിക്കര, ഐ.എച്ച്.ആർ.ഡി കോളേജ് കാർത്തികപ്പള്ളി, ഗുരുനിത്യ ചൈതന്യയതി കോളേജ് ഓഫ് ലോ ആൻഡ് റിസർച്ച് സെന്റർ കായംകുളം, ഐ.എച്ച്.ആർ.ഡി കോളേജ് പെരിശ്ശേരി, ശ്രീനാരായണ ഗുരു സെൽഫ് കോളേജ് ചേർത്തല, എസ്.എൻ കോളേജ് ഹരിപ്പാട്, മാർ ഇവാനിയോസ് കോളേജ് മാവേലിക്കര, എസ്.എൻ കോളേജ് ആല എന്നീ കോളേജുകളിലാണ് എസ്.എഫ്‌.ഐ യൂണിയൻ വിജയിച്ചത്.

എസ്.ഡി കോളേജ് യൂണിയൻ നയിക്കാൻ ആന്റണിയുടെ കുടുംബാംഗം

1995ൽ എൻ.എസ്.സന്തോഷ്, 2000ൽ രാജേഷ് എന്നിവരുടെ വിജയത്തിന് ശേഷം ആലപ്പുഴ എസ്.ഡി കോളേജിലെ ചെയർമാൻ കസേര കെ.എസ്.യുവിന് ബാലികേറാമലയായിരുന്നു. ആ ചരിത്രമാണ് എ.കെ.ആന്റണിയുടെ പിൻതലമുറക്കാരൻ കുര്യൻ ജോസഫ് ഇന്നലെ തിരുത്തി കുറിച്ചത്. 205 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയായ ചേർത്തല മണപ്പുറം കോളുതറ റോസ് വില്ലയിൽ കുര്യൻ ജോസഫ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരി റോസമ്മയുടെ മകൻ പരേതനായ ജിജോയുടെ പുത്രനാണ് കുര്യൻ ജോസഫ്. എസ്.ഡി കോളേജിലെ യു.യു.സി, ബോട്ടണി റെപ്പ് തുടങ്ങിയ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു.