മാന്നാർ :സമീപ പ്രദേശങ്ങൾ വികസനത്തിൽ ഏറെ മുന്നേറുമ്പോൾ പിന്തള്ളപ്പെടുന്ന മാന്നാറിന്റെ സർവതോന്മുഖമായ വികസന സ്വപ്നങ്ങൾക്ക് ഊർജ്ജം പകരാനും ആവശ്യമായ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനുമായും ജാതിമത രാഷ്ട്രീയ ഭേദമെന്യേ മാന്നാറിലെ പൗരബോധമുള്ള മുഴുവൻ ആളുകളെയും ഉൾക്കൊണ്ട് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ 'മാന്നാർ പൗരധ്വനി' എന്ന പേരിൽ സംഘടനയ്ക്ക് രൂപം നൽകുന്നു. രൂപീകരണയോഗം നാളെ വൈകിട്ട് 4 ന് മാന്നാർ വ്യാപാരഭവനിൽ നടക്കും. നാടിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഒത്തൊരുമിക്കുന്ന യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ഭാവി പരിപാടികൾക്കുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.