pac

ആലപ്പുഴ : ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ​ തുറവൂർ മേഖലയിൽ കെ.സി.വേണുഗോപാൽ എം.പി അദ്ധ്യക്ഷനായ പാർലമെന്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയിലെ (പി.എ.സി) എം.പിമാരുടെ സംഘം പരിശോധന നടത്തി. റോഡിന്റെ ശോചനീയാവസ്ഥ കാരണം അപകടങ്ങൾ നിത്യസംഭവമാണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അരൂർ പള്ളി ജംഗ്ഷൻ മുതൽ തെക്കോട്ടുള്ള ഭാഗങ്ങളിലാണ് പി.എ.സി എം.പിമാരുടെ സംഘം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയത്.

അരൂർ​തുറവൂർ ഭാഗത്ത് സർവീസ്, അപ്രോച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കാതെയുള്ള ദേശീയപാത വികസന പ്രവർത്തനങ്ങളാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണമെന്ന് ബോദ്ധ്യപ്പെട്ടതായി സമിതി അദ്ധ്യക്ഷൻ കെ.സി.വേണുഗോപാൽ അഭിപ്രായപ്പെട്ടു. റോഡിന്റെ നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിന് മുമ്പായി സർവീസ് റോഡുകൾ സജ്ജമാക്കണമായിരുന്നു. സമീപപ്രദേശങ്ങളിൽ ഉൾപ്പെടെ ഡൈവേർഷൻ റോഡുകളുടെ പണിയും പൂർത്തിയാക്കിയിട്ടില്ല.

പൊതുമരാമത്ത് വകുപ്പ് വിശദമായ റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് സർവീസ് റോഡുകൾ ശക്തിപ്പെടുത്തി ഉപയോഗയോഗ്യമാക്കുമെന്ന് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. തിരക്കേറിയ നഗരങ്ങളെ വിഭജിക്കുന്നതും ആവശ്യത്തിന് അടിപ്പാതകളുടെയും മേൽപ്പാലങ്ങളുടെയും അഭാവവും ദേശീയപാതയിലേക്ക് ആവശ്യത്തിന് എൻട്രി പോയിന്റുകൾ ഇല്ലാത്തതും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടും വെല്ലുവിളിയുമാണെന്ന് സംഘം വിലയിരുത്തി. കമ്മിറ്റി അംഗങ്ങളായ
ജഗദാംബിക പാൽ, ഡോ.അമർ സിംഗ്, ബാലഷോരി വല്ലഭനേനി ,ഡോ.സി.എം.രമേഷ്, ശക്തിസിൻഹ് ഗോഹിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, ദേശിയപാത അതോറിട്ടി അംഗം വിശാൽ ചൗഹാൻ, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ദേശിയപാത അതോറിട്ടി കേരള റീജിയണൽ ഓഫീസർ മീന തുടങ്ങിയവരും പി.എ.സി സംഘത്തെ അനുഗമിച്ചു.