
ആലപ്പുഴ: ബൈക്കിൽ പോകവെ ചെളിവെളളം തെറിച്ചതിന് വീടുകയറി വീട്ടമ്മയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൾ സൗത്ത് പൊലീസിന്റെ പിടിയിലായി. കൈതവന കുഴിയിൽച്ചിറയിൽ വീട്ടിൽ ഉദീഷ് (38), കോലോത്ത് വീട്ടിൽ മധുമോഹൻ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് വടിവാളും കണ്ടെടുത്തു. കാപ്പാ ഉൾപ്പെടെ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതി ഉദീഷ്. രണ്ടാം പ്രതി മധു മോഹൻ ആലപ്പുഴ, കോട്ടയം ജില്ലകളിലായി നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആലപ്പുഴ സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്. എസ്.ഐ ടി.കെ ജോസഫ്, സീനിയർ സി.പി.ഒമാരായ വിപിൻ ദാസ്, കെ.ടി.സേതു, മൻസൂർ, മനു, സി.പി.ഒ മാരായ സുമേഷ്.കെ, ജി.അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.