ആലപ്പുഴ : പക്ഷിപ്പനിയുടെ പേരിൽ ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന പക്ഷിവളർത്തൽ നിരോധനത്തിൽ ഇളവ് തേടി കോഴി, താറാവ് കർഷകർ. 15 ദിവസത്തിലൊരിക്കൽ വിദഗ്ദ്ധസമിതി പ്രതിനിധികൾ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ പുനരവലോകനം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. പല കർഷകരും പുതിയ കോഴിക്കുഞ്ഞുങ്ങളെ വളർത്താനും അടവയ്ക്കാനും തുടങ്ങിയ കാലയളവിലായിരുന്നു 2025 മാർച്ച് വരെ പക്ഷികളുടെ വിൽപ്പനയ്ക്കും കടത്തിനുമടക്കം നിരോധനം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലയിലെ ഹാച്ചറികളിൽ നശിപ്പിച്ച മുട്ടകൾക്ക് അഞ്ച് രൂപ പ്രകാരം നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നയാപൈസ ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. പക്ഷിപ്പനി മൂലം നഷ്ടം വന്ന കർഷകർക്കുള്ള നഷ്ടപരിഹാരം കേന്ദ്ര ആക്ഷൻ പ്ലാൻ അനുസരിച്ച് 50:50 അനുപാതത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളാണ് നൽകേണ്ടത്. എന്നാൽ കേന്ദ്രം നിശ്ചയിച്ച നിരക്കിനെക്കാൾ അധികം തുകയാണ് സംസ്ഥാനത്ത് നഷ്ടപരിഹാരമായി നൽകിവരുന്നത്. കഴിഞ്ഞ ഏപ്രിലിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ശേഷമുള്ള നഷ്ടപരിഹാരം മാത്രമാണ് നൽകാനുള്ളതെന്നും കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭ്യമായാലുടൻ ഇത് വിതരണം ചെയ്യുമെന്നുമാണ് അധികൃതർ കർഷകർക്ക് നൽകിയിരിക്കുന്ന മറുപടി.
ക്രിസ്മസ് സീസൺ നഷ്ടമാകും
1.രോഗസാദ്ധ്യതയില്ലാത്ത പ്രദേശങ്ങളിൽ നിരോധനത്തിന് ഇളവ് ലഭിച്ചാൽ ക്രിസ്മസ് ലക്ഷ്യമിട്ട് കോഴികളെ വളർത്താം
2. മൂന്ന് മാസത്തോളം നീളുന്ന കാലയളവിലാണ് പക്ഷിപ്പനി പടരുകയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ
3.അതിനുശേഷം രോഗവ്യാപനം കുറയും. അങ്ങനെയെങ്കിൽ ജില്ലയിലെ രോഗവ്യാപന കാലയളവ് കഴിഞ്ഞതായി കർഷകർ
4.15 ദിവസത്തിലൊരിക്കൽ പുനരവലോകനം നടത്തി ഇറച്ചിക്കോഴികളെ വളർത്താനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യമുയരുന്നു
ജില്ലയിൽ കോഴി കർഷകർ
2000
പക്ഷി വളർത്തൽ നിരോധനം കാരണം സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി കർഷകർ ആത്മഹത്യയുടെ വക്കിലാണ്. നിരോധനമേഖലകളിൽ പുനരവലോകനം നടത്താൻ വിദഗ്ദ്ധ സമിതി തയ്യാറാകണം
- എസ്.കെ.നസീർ, ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ