cilly

ആലപ്പുഴ : ആര്യാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത, കൃഷി സംഘങ്ങളുടെ 'ചില്ലി ഗ്രാമം' പദ്ധതിയുടെ രണ്ടാം സീസണിന് തുടക്കമായി. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വൻവിജയമായിരുന്നു. ഇത്തവണ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ചില്ലി സോസ് അടക്കമുള്ള മുല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കാനാകും എന്ന പ്രതീക്ഷയിലാണ് കർഷകർ.

കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളിൽ ഉൾപ്പെടുന്ന 100 വനിതാസംഘ കൃഷി ഗ്രൂപ്പുകൾക്കാണ് (ജെ.എൽ.ജി) പച്ചമുളക് തൈകൾ വിതരണം ചെയ്തത്. ഇവർക്ക് കൃഷി പരിശീലനം, വിപണനം എന്നിവ കുടുംബശ്രീയിലൂടെ ഉറപ്പാക്കും. കഴിഞ്ഞ വർഷം ഒന്നാം സീസൺ ചില്ലി ഗ്രാമം ആരംഭിക്കുന്ന ഘട്ടത്തിൽ ക‌ർഷകർ ഏറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. എങ്കിലും, ഗുണനിലവാരമുള്ള മുളക് തൈയുടെ ലഭ്യതക്കുറവ്, പ്രതികൂല കാലാവസ്ഥ, സ്ഥല ലഭ്യതക്കുറവ്, വള ലഭ്യതക്കുറവ്, കീട രോഗങ്ങൾ തുടങ്ങിയ പ്രതിസന്ധികളെ മറികടക്കാനായി.

ചില്ലി സോസും ഓൺലൈൻ വില്പനയും

 ചില്ലിഗ്രാമം പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ജെ.എൽ.ജികളെ കോർത്തിണക്കി പ്രൊഡ്യൂസർ ഗ്രൂപ്പ് രൂപീകരണം നടന്നുവരുന്നു

 പദ്ധതി വഴി മുളകിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണസാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്

ചില്ലി സോസ് നിർമ്മിച്ച് ആര്യാടിന്റെ പേരിൽ ബ്രാന്റ് ചെയ്ത് ഓൺലൈനടക്കമുള്ള വിപണികളിലെത്തിക്കാനും പദ്ധതി

ഈ വർഷം ക‌ൃഷി ചെയ്യുന്നത്

 ജ്വാല മുളക്

 ബജി മുളക്

 ക്യാപ്സികം

 കാന്താരി മുളക്

 ഉണ്ടമുളക്

പദ്ധതിയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കുന്നവർ : 500

ആദ്യ സീസണിലെ വിജയമാതൃക പിന്തുടർന്നാണ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. മുളക് ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം

- കുടുംബശ്രീ അധികൃതർ