
മാന്നാർ : ഏറെ നാളുകളായി തകർന്നുകിടന്ന പരുമലക്കടവ് - കടപ്രമഠം റോഡിലെ ദുരിതയാത്രയ്ക്ക് ആശ്വാസമായി കോൺക്രീറ്റിംഗിന് തുടക്കമായി. ജനപ്രതിനിധികൾ ഏറെ പഴികേൾക്കുകയും നിരവധി സമരങ്ങൾ അരങ്ങേറുകയും ചെയ്ത മാന്നാർ ടൗണിലെ പ്രധാന ഗ്രാമീണറോഡിന്റെ ഭാഗികമായ നിർമ്മാണപ്രവർത്തനമാണ് നടന്നു വരുന്നത്.
മാന്നാർ ടൗണിലേക്ക് എത്തിപ്പെടാൻ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന 3,5 വാർഡുകളിലൂടെ കടന്നു പോകുന്ന ഈ റോഡിന്റെ ഒരുഭാഗം ജില്ലാപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുവർഷം മുമ്പ് പുനർനിർമ്മിച്ചിരുന്നു. പരുമലക്കടവിന് പടിഞ്ഞാറ് അഞ്ചാം വാർഡിൽപെട്ട ഓടാട്ട് ക്ഷേത്രജംഗ്ഷൻ ഉൾപ്പെടുന്ന ഭാഗം 2021 ഡിസംബറിൽ പ്രളയഫണ്ട് ഉപയോഗിച്ചും പുനർനിർമ്മിച്ചു. എന്നാൽ, നിർമ്മാണം നടന്ന് ഒരു വർഷം പിന്നിട്ടപ്പോൾ വീണ്ടും വെള്ളംകയറി റോഡിലെ ടാറിംഗ് ഇളകിയതോടെ ദുരിതയാത്രക്ക് തുടക്കമായി.
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, വികസന സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, വാർഡ് മെമ്പർ ഷൈന നവാസ് എന്നിവർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
തടസമായത് തിരഞ്ഞെടുപ്പ്
1.തകർന്നു കിടക്കുന്ന ഓടാട്ട് ക്ഷേത്ര ജംഗ്ഷൻ ഉൾപ്പെടുന്ന കോളച്ചാൽ കലുങ്ക് വരെയുള്ള 73മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്ത് പുനർനിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ടിൽ ഏഴരലക്ഷം രൂപ വകയിരുത്തിയിരുന്നു
2. തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ദുരിതയാത്ര വീണ്ടും നീണ്ടതോടെ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ പഴി കേൾക്കുകയും നാട്ടുകാർ വാഴനട്ട് പ്രതിഷേധിക്കുകയും ചെയ്തു.പിന്നീട് കുട്ടംപേരൂർ ഉപതിരഞ്ഞെടുപ്പും ടെൻഡർ നടപടികൾക്ക് തടസമായി.
കോൺക്രീറ്റ് ചെയ്തത്
73 മീ.
റോഡിന്റെ ബാക്കി ഭാഗം കൂടി പുനർ നിർമിക്കുന്നതിനുള്ള ഫണ്ട് അടുത്ത പദ്ധതിയിൽ അനുവദിക്കുന്നതിന് നടപടികൾ കൈക്കൊള്ളും
- ടി.വി.രത്നകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഓണത്തിന് നിർമ്മാണം പൂർത്തിയാക്കണമെന്ന ആഗ്രഹത്തിലാണ് നടപടികളുമായി മുന്നോട്ടു പോയത്. എന്നാൽ കാലാവസ്ഥയും ചില സാങ്കേതിക തടസങ്ങളും നിർമാണത്തെ ബാധിച്ചു
- ഷൈന നവാസ്, വാർഡ് മെമ്പർ