മാന്നാർ: കോൺഗ്രസ് മാന്നാർ ബ്ലോക്ക് ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രവർത്തകർക്കുണ്ടായ അതൃപ്തി പുറത്തായതിനെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് വിശദീകരണം തേടിയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ രാജേന്ദ്രൻ ഏനാത്ത് സ്ഥാനം നിരസിച്ചു. വിശദീകരണത്തിനു നൽകിയ മറുപടിയിലാണ് ജനറൽ സെക്രട്ടറിസ്ഥാനം നിരസിക്കുന്നതായി രാജേന്ദ്രൻ അറിയിച്ചത്. അർഹതയില്ലാത്തവർ ലിസ്റ്റിൽ കടന്നുകൂടിയതിനെയും അർഹതയുള്ളവരെ ഒഴിവാക്കിയതിനെതിരേയും വാട്‌സാപ്പ് ഗ്രൂപ്പിൽ മുപ്പതിലധികം പ്രവർത്തകർ ശക്തമായ രീതിയിൽ പ്രതികരിച്ചിരുന്നു. എന്നാൽ, തനിക്കു മാത്രമാണ് വിശദീകരണത്തിനു നോട്ടീസ് നൽകിയതെന്നും ജാതിയിലെ പിന്നോക്കാവസ്ഥയാണ് കാരണമെന്നു മനസ്സിലാക്കുന്നതായും കത്തിൽ പറയുന്നു. മാന്നാർ, ചെന്നിത്തല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നീ ആറു പഞ്ചായത്തുകൾ ഉൾപ്പെട്ട മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ ലിസ്റ്റിൽ സാമുദായിക സന്തുലനം പാലിക്കാത്തതും പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ചവർക്ക് ആവശ്യമായ പരിഗണന നൽകാത്തതുമാണ് പ്രവർത്തകർക്കിടയിൽ അസ്വാരസ്യങ്ങൾക്ക് കാരണമായത്.
കൊടിക്കുന്നിലിന് പരാതി നൽകി
കെ.പി.സി.സി നിർദേശിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പുനഃസംഘടിപ്പിച്ച മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ എസ്.സി, എസ്.ടി വിഭാഗങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എസ്.സി, എസ്.ടി കോ-ഓഡിനേഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന് പരാതി നൽകി. ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ അലീന വെണ്മണി, കൃഷ്ണൻകുട്ടി ബുധനൂർ, ഗോപി ബുധനൂർ, അനിൽ മാന്തറ, രാജു മറ്റത്തിൽ ചെന്നിത്തല, കുട്ടപ്പൻ ചെന്നിത്തല എന്നിവരാണ് കൊടിക്കുന്നിലിനെ നേരിട്ട് കണ്ട് പരാതി നൽകിയത്.