ഹരിപ്പാട്: നഗരഭയിൽ യു.ഡി.എഫ് ജനപ്രതിനിധികൾ ബന്ധുനിയമനം നടത്തിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധം. ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,19-ാവാർഡ് കൗൺസിലർ എന്നിവരുടെ ബന്ധുക്കളെ നഗരസഭയിലെയും, താലൂക്ക് ആശുപത്രിയിലെയും വിവിധ താത്കാലിക തസ്തികയിലേക്കും ആശാവർക്കറായും നിയമിച്ചതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ വിവരാവകാശ നൽകുകയും അജണ്ട വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു തയ്യാറാകാതിരുക്കുകയും അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ ഒളിച്ചോടുന്നതിലും പ്രതിഷേധിച്ച് പ്രതിപക്ഷ ജനപ്രതിനിധികൾ എസ്. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ കൗൺസിലിൽ ബഹളം വച്ചു. പിന്നീട് പുറത്തു ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു. അടുത്ത കൗൺസിലിൽ അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്തമെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയും ഫയലുകളും നൽകാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.